കോൺഗ്രസ് ദേശീയ പ്രവർത്തക സമിതി നാളെ ;
സോണിയാ ഗാന്ധിക്ക് ശേഷം ഇനി ആര് ?
പരിഗണനക്ക് വേണ്ടി നേതാക്കളുടെ നീണ്ട പട്ടികയും
ന്യൂ ഡൽഹി : കോൺഗ്രസ് ദേശീയ രാഷ്ട്രീയം കൂടുതൽ സങ്കീർണതയിലേക്ക്; നേതൃ മാറ്റ ചർച്ചകൾ സജീവമാകുന്നതിനിടെക്കാണ് സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദം രാജി വെച്ചുവെന്ന വാർത്ത കേൾക്കുന്നത്. പുതിയ അധ്യക്ഷൻ ആരെന്ന ചോദ്യം വീണ്ടുമുയരുന്നുണ്ട്. മഹാരാഷ്ട്ര, അസം പിസിസി പ്രസിഡണ്ടുമാർ രാഹുൽ ഗാന്ധി ചുമതല ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. അതേസമയം ഒരു തിരഞ്ഞെടുപ്പ് വരുന്ന പക്ഷം ശശി, തരൂർ, ഡികെ ശിവകുമാർ, എകെ ആന്റണി തുടങ്ങിയ മുതിർന്ന നേതാക്കളുടെ പേരുകൾ ഉയർന്ന വരാനും സാധ്യത ഉണ്ട്. പ്രതിസന്ധി നിലനില്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തക സമിതി യോഗം നാളെ ചേരും, എല്ലാ കോൺഗ്രസ് മുഖ്യമന്ത്രിമാരും യോഗത്തിൽ സംബന്ധിക്കും. പ്രവർത്തക സമിതി യോഗത്തിൽ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചേക്കും എന്നാണ് സൂചനകൾ.
നിലവിൽ കർണാടക പിസിസി അധ്യക്ഷൻ കൂടിയായ ഡികെ ശിവകുമാർ അധ്യക്ഷ സ്ഥാനത്ത് വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ട്, പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിക്കൊപ്പം ഉരുക്ക് പോലെ നില കൊണ്ട പാരമ്പര്യമാണ് ഡികെഎസിന്റേത്, ആ പ്രവൃത്തി പരിചയം കോൺഗ്രസിനെ ദേശീയ തലത്തിൽ ഉണർത്താൻ ഉപകാരപ്രദമാകും എന്നാണ് കണക്ക് കൂട്ടൽ. അതേസമയം തിരുവനന്തപുരം എംപി ശശി തരൂരിന്റെ പേരും ഉയർന്ന കേൾക്കുന്നുണ്ട്, തരൂർ അധ്യക്ഷ സ്ഥാനത്ത് വരുന്ന പക്ഷം പാർട്ടിയുടെ മുഖച്ഛായ തന്നെ മാറുമെന്നും അതുവഴി കോൺഗ്രസിനെ ശക്തിപ്പെടുത്താമെന്നുമാണ് കരുതുന്നത്. ഗുജറാത്തിൽ നിന്നുള്ള രാജ്യസഭ അംഗവും മുതിർന്ന നേതാവുമായ അഹ്‌മദ് പട്ടേലിന്റെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് ഉയരുന്നുണ്ട്, കോൺഗ്രസിന്റെ കരുത്തരായ നേതാക്കളിൽ ഒരാളാണ് അഹ്‌മദ് പട്ടേൽ, അമിത് ഷായ്ക്ക് ഒത്ത എതിരാളിയാണ് പട്ടേൽ എന്നാണ് അണിയറയിലെ സംസാരം. കേരളത്തിൽ നിന്നുള്ള നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എകെ ആന്റണിയുടെ പേരും അധ്യക്ഷസ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നുണ്ട്.
അതേസമയം നേതൃമാറ്റം ആവശ്യപ്പെട്ട് നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തെഴുതിയത് പാർട്ടിയിൽ മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്, കോൺഗ്രസ് വക്താവ് അശ്വനി കുമാർ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് എന്നിവർ കത്തയച്ചവർക്കെതിരെ രംഗത്ത് വന്നു.