ന്യൂസീലൻഡ് ക്രിക്കറ്റ് പരമ്പര അട്ടിമറിച്ചത് ഇന്ത്യൻ ഭീഷണി: പാക്കിസ്ഥാൻ മന്ത്രി

ഇസ്ലാമാബാദ്∙ പാക്കിസ്ഥാനിൽ നടത്താൻ നിശ്ചയിച്ചിരുന്ന ക്രിക്കറ്റ് പരമ്പരയിൽനിന്നു ന്യൂസീലൻഡ് പിന്മാറാനുള്ള കാരണം ഇന്ത്യയിൽനിന്നു ലഭിച്ച ഇമെയിൽ സന്ദേശമാണെന്ന പ്രസ്താവനയുമായി പാക്കിസ്ഥാൻ. അഞ്ചാം തലമുറയിലെ അത്യാധുനിക യുദ്ധമുറയുടെ ഭാഗമായി, ഇന്ത്യയിൽനിന്ന് ഉദ്ഭവിച്ച സന്ദേശവും തെറ്റായ വാർത്തകളാണു കിവീസ് പരമ്പര അട്ടിമറിച്ചതെന്നു പാക്കിസ്ഥാൻ വാർത്താവിനിമയ മന്ത്രി ഫവാദ് ചൗധരി പറഞ്ഞു.

18 വർഷത്തിനിടെ പാക്കിസ്ഥാനിൽ നടത്താൻ നിശ്ചയിച്ച ആദ്യ പരമ്പരയിൽനിന്നു കഴിഞ്ഞ വെള്ളിയാഴ്ചയാണു സുരക്ഷാ കാരണങ്ങള്‍ മുൻനിർത്തി കിവീസ് പിന്മാറിയത്. പിന്നാലെ ഇതേ കാരണത്താൽ അടുത്ത മാസം നിശ്ചയിച്ചിരുന്ന പരമ്പര ഇംഗ്ലണ്ടും റദ്ദാക്കി. രാജ്യത്ത് അടുത്തിടെ നടന്ന ചില ഭീകരാക്രമണങ്ങൾക്കു പിന്നിൽ ഇന്ത്യയാണെന്നു പാക്കിസ്ഥാൻ നേരത്തെ ആരോപിച്ചിരുന്നു.
‘ പരമ്പരയിൽനിന്നു പിന്മാറാൻ ന്യൂസീലൻഡിനോട് ആവശ്യപ്പെട്ടുകൊണ്ട്, കഴിഞ്ഞ മാസം തെഹ്‌രിക് ഇ താലിബാൻ നേതാവ് എഹ്സാനുള്ള എഹ്സാന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിൽനിന്നു ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡിനു സന്ദേശം ലഭിച്ചിരുന്നു’– ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ പാക്കിസ്ഥാൻ മന്ത്രി ഫവാദ് ചൗധരി പറഞ്ഞു.
‘ ഇതു വക വയ്ക്കാതെ ന്യൂസീലൻഡ് പര്യടനത്തിനെത്തി. എന്നാൽ മത്സര ദിവസമാണു സുരക്ഷ സംബന്ധിച്ച ഭീഷണിയെപ്പറ്റി ന്യൂസീലൻഡിനു ബോധമുണ്ടായത്. ഭീഷണി എന്താണെന്നു പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ജീവനക്കാരും ദേശീയ സുരക്ഷാ ഏജൻസികളും പലതവണ ചോദിച്ചെങ്കിലും അവർക്കു മറുപടി ഉണ്ടായിരുന്നില്ല.
ഒരു ദിവസത്തിനു ശേഷം ന്യൂസീലൻഡ് ടീമിന് ഹംസ അഫ്രീദി എന്ന ഐഡിയിൽനിന്നു വീണ്ടും ഭീഷണി സന്ദേശം ലഭിച്ചു. ഇന്ത്യയിലെ മഹാരാഷ്ട്രയിൽനിന്നാണ് ആ സന്ദേശം അയച്ചത്. വിപിഎൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് അയച്ച സന്ദേശം ആയതിനാൽ ലൊക്കേഷൻ സിംഗപ്പുരെന്നാണു കാണിച്ചത്. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം കേസെടുത്ത് അന്വേഷണം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

