KSDLIVENEWS

Real news for everyone

പിഎഫ്‌ഐ മതങ്ങള്‍ തമ്മില്‍ ശത്രുത സൃഷ്ടിച്ചു’; റിമാന്‍ഡ് റിപ്പോര്‍ട്ട്

SHARE THIS ON

ദില്ലി: പോപ്പുലര്‍ ഫ്രണ്ട് മതങ്ങള്‍ തമ്മില്‍ ശത്രുത സൃഷ്ടിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഗൂഢാലോചന നടത്തി. യുവാക്കളെ തീവ്രവാദ സംഘടനകളില്‍ ചേരാന്‍ പ്രോത്സാഹിപ്പിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകള്‍ ഉപയോഗിച്ച്‌ രഹസ്യ ആശയവിനിമയം നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിജിറ്റല്‍ ഉപകരണങ്ങള്‍ അടക്കമുള്ള തെളിവുകള്‍ കിട്ടിയെന്നും എന്‍ഐഎ.

പോപ്പുലര്‍ ഫ്രണ്ടിനെതിരെ രാജ്യവ്യാപക നീക്കമാണ് ഇന്ന് എന്‍ഐഎയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും നടത്തിയത്. പുലര്‍ച്ചെ ഒരു മണിക്ക് രഹസ്യ ഓപ്പറേഷന്‍ എന്‍ ഐ തുടങ്ങുകയായിരുന്നു. കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കിയാണ് എന്‍ഐഎ, ഇഡി ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസിലും എത്തിയത്. റെയ്ഡ് നിരീക്ഷിക്കാന്‍ പലയിടത്തായി ആറു കണ്‍ട്രോള്‍ റൂമുകള്‍ തയ്യാറാക്കിയിരുന്നു. 1500 ലധികം ഉദ്യോഗസ്ഥര്‍ റെയിഡുകളില്‍ പങ്കെടുത്തു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഓപ്പറേഷന്‍ നേരിട്ട് നിരീക്ഷിച്ചു എന്നാണ് സൂചന. ദില്ലിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് എന്‍ഐഎ രൂപീകരിച്ച ശേഷമുള്ള ഈ ഏറ്റവും വലിയ ഓപ്പറേഷന്‍. പിഎഫ്‌ഐക്ക് എതിരെ എന്‍ഐഎ നടത്തിയ റെയ്ഡില്‍ സിബിഐയും പങ്കെടുത്തിരുന്നു.

തെക്കേ ഇന്ത്യയ്ക്കും ദില്ലിക്കും മഹാരാഷ്ട്രയ്ക്കും പുറമെ അസമിലും ബീഹാറിലും യുപിയിലും ബംഗാളിലുമൊക്കെ റെയ്ഡ് നടന്നു. പലയിടത്തും പിഎഫ്‌ഐ ഓഫീസുകള്‍ സീല്‍ ചെയ്തു. ഭീകരവാദത്തിന് പണം വന്നതിനും, പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയതിനും, നിരോധിച്ച സംഘടനകളില്‍ ആളെ ചേര്‍ക്കുന്നതിനും രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു നീക്കം. വിദേശത്ത് നിന്നുള്ള ഫണ്ടിംഗിന്‍റെ സൂചനകള്‍ കിട്ടിയതായാണ് വിശദീകരണം. രാജസ്ഥാനില്‍ എസ്ഡിപിഐ നേതാക്കളും അറസ്റ്റിലായി. നൂറിലധികം ഫോണുകളും ലാപ്ടോപുകളും പിടിച്ചെടുത്തു. ചിലരുടെ വീട്ടില്‍ നിന്ന് പണം പിടിച്ചതായും ഉദ്യോഗസ്ഥര്‍ പറയുന്നു. ആന്ധ്രയിലെയും തെലങ്കാനയിലെയും പിഎഫ് ഐ നേതാക്കള്‍ക്കെതിരായ കേസും അടുത്തിടെ എന്‍ഐഎ ഏറ്റെടുത്തിരുന്നു. തെലങ്കാനയിലെ 40 കേന്ദ്രങ്ങളില്‍ എന്‍ഐ കഴിഞ്ഞയാഴ്ച റെയ്‍ഡ് നടത്തി. അതിന് പിന്നാലെയാണ് ദേശീയ നേതാക്കളെ തന്നെ അറസറ്റ് ചെയ്തുകൊണ്ടുള്ള ഇന്നത്തെ നീക്കം. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് പിഎഫ്‌ഐ പ്രതികരിച്ചു. തുടര്‍നീക്കങ്ങള്‍ വരും ദിവസങ്ങളിലുമുണ്ടാകുമെന്നാണ് എന്‍ഐഎ നല്‍കുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!