സ്വത്തുക്കൾ കണ്ടുകെട്ടുന്നു; പഞ്ചാബില്‍ ഖലിസ്ഥാന്‍ ഭീകരര്‍ക്കെതിരെ കടുപ്പിച്ച് എൻഐഎ
ന്യൂഡല്‍ഹി∙ പഞ്ചാബില്‍ ഖലിസ്ഥാന്‍ ഭീകരര്‍ക്കെതിരായ നടപടികള്‍ ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് തലവനും ഖലിസ്ഥാന്‍ ഭീകരനുമായ ഗുര്‍പട്വന്ത് സിങ് പന്നുവിന്റെ ചണ്ഡിഗഡിലെ വീടും അമൃത്സറിലെ സ്വത്തുവകകളും എന്‍ഐഎ കണ്ടുകെട്ടി. കാനഡയിൽ കൊല്ലപ്പെട്ട ഹർദീപ് സിങ് നിജ്ജാറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികള്‍ എൻഐഎ ആരംഭിക്കുകയും ചെയ്തു. രാജ്യദ്രോഹക്കുറ്റം ഉള്‍പ്പടെ 22 ക്രിമിനല്‍ കേസുകളാണ് പന്നുവിനെതിരെ പഞ്ചാബില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാനഡയിലെ ഹിന്ദുക്കള്‍ ഇന്ത്യയിലേക്കു മടങ്ങണമെന്നു പന്നു കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. മൊഹാലിയിലെ എൻഐഎ കോടതിയാണു ഹർദീപ് സിങ് നിജ്ജാറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാന്‍ നിർദേശം നൽകിയത്. കോടതി നിർദേശപ്രകാരം ജലന്ധർ ജില്ലയിലെ നിജ്ജാറിന്റെ വീടിനു മുന്നിൽ നോട്ടിസ് പതിപ്പിച്ചിട്ടുണ്ട്.