വീട്ടമ്മയെ കാർ കയറ്റിക്കൊന്ന കേസ്: പ്രതികളായ ഡോ. ശ്രീക്കുട്ടിയും അജ്മലും തിരികെ ജയിലിലേക്ക്

ശാസ്താംകോട്ട: മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികയായ പഞ്ഞിപുല്ലും വിളയിൽ കുഞ്ഞുമോളെ കാർ കയറ്റിക്കൊന്ന കേസിലെ പ്രതികളെ തെളിവെടുപ്പ് പൂർത്തിയാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഒന്നാംപ്രതി കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മലിനെ ജില്ലാ ജയിലിലേക്കും രണ്ടാംപ്രതി നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും മാറ്റി.
തെളിവെടുപ്പിനായി വെള്ളിയാഴ്ച ഇരുവരെയും ശാസ്താംകോട്ട കോടതി രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചുവരെയായിരുന്നു കാലാവധി. ശനിയാഴ്ചതന്നെ തെളിവെടുപ്പ് പൂർത്തിയാക്കിയതോടെ ഞായറാഴ്ച ഉച്ചയോടെ ശാസ്താംകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യൽ (കോടതി രണ്ട്) മജിസ്ട്രേറ്റ് ആർ.നവീന്റെ വസതിയിൽ പ്രതികളെ ഹജരാക്കുകയായിരുന്നു. ഇരുവരെയും ജയിലിലേക്ക് മാറ്റി.
അജ്മൽ സമർപ്പിച്ച ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ ബുധനാഴ്ച തള്ളിയിരുന്നു. അവരും ജാമ്യത്തിനായി വീണ്ടും കോടതിയെ സമീപിക്കുമെന്നാണ് വിവരം. ജനരോഷം ശക്തമായതോടെ ആനൂർക്കാവിൽ പ്രതികളെ വാഹനത്തിൽനിന്നിറക്കാൻ കഴിയാതെയാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.

