സൗദിയിൽ കുടുങ്ങിയ തീർഥാടകരെ നാട്ടിലെത്തിക്കാൻ ഊർജിത നീക്കവുമായി ഇന്ത്യൻ എംബസി; കൺട്രോൾ റൂമുകൾ സജീവം

ജിദ്ദ: സൗദിയിൽ കുടുങ്ങിയ ഉംറ തീർഥാടകരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കി ഇന്ത്യൻ എംബസിയും ജിദ്ദ കോൺസുലേറ്റും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂവായിരത്തോളം തീർഥാടകർ ലഭ്യമായ വിമാനങ്ങളിൽ ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. ശേഷിക്കുന്നവരുടെ മടക്കയാത്രയും വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വിവിധ രാഷ്ട്രീയ, മത സംഘടനാ നേതാക്കൾ ഉംറ തീർഥാടകരുമായി ബന്ധപ്പെട്ട വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം.
നേരത്തെ ബുക്ക് ചെയ്തിരുന്ന പതിനായിരത്തിലധികം ഉംറ തീർഥാടകരും സുരക്ഷിതമായി മടങ്ങി.ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിമാനക്കമ്പനികൾ സൗദിയിലേക്കുള്ള സർവീസുകൾ പൂർണമായും അവസാനിപ്പിച്ചതോടെയാണ് യാത്രാപ്രതിസന്ധി ആരംഭിച്ചത്. നിലവിൽ കുടുങ്ങിയ ഉംറ തീർഥാടകരെ നാട്ടിലെത്തിക്കാനാണ് ഇന്ത്യൻ എംബസിയും ജിദ്ദ കോൺസുലേറ്റും ഇടപെടുന്നത്. ഇതിന്റെ ഭാഗമായി വിമാനക്കമ്പനികളുമായും ഉംറ ഓപ്പറേറ്റർമാരുമായും ചർച്ചകൾ പുരോഗമിക്കുകയാണ്. ഇന്ത്യൻ പൗരന്മാരുടെ സഹായത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും എംബസിയും കോൺസുലേറ്റും ആരംഭിച്ചിരുന്നു. വിവിധ ഗ്രൂപ്പുകളിലെത്തിയ മലയാളി തീർഥാടകരിൽ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

