KSDLIVENEWS

Real news for everyone

കോവിഡ് സ്ഥിതി ഭയാനകം; മുന്‍കരുതലില്ലെങ്കില്‍ സാഹചര്യം വളരെ മോശമാകും – സുപ്രീം കോടതി

SHARE THIS ON

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം ഭയാനകമാണെന്ന് സുപ്രീം കോടതി. സംസ്ഥാനങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഡിസംബറിൽ രാജ്യത്തെ കോവിഡ് സാഹചര്യം അതീവ മോശമാകും. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന ഡൽഹിയെയും മഹാരാഷ്ട്രയേയും സുപ്രീം കോടതി വിമർശിച്ചു

ജാഗ്രതയും മുൻകരുതലും നഷ്ടമായാൽ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് അടുത്ത മാസം ഉണ്ടാകുമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഡൽഹി, ഗുജറാത്ത്, അസം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോട് കഴിഞ്ഞ രണ്ട് ദിവസത്തിന് ഇടയിൽ കോവിഡ് രോഗികളിൽ ഉണ്ടായ വർദ്ധനവ് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി നിർദേശിച്ചു.

മറ്റ് സംസ്ഥാനങ്ങൾ കോവിഡ് സാഹചര്യം സംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ട് കൈമാറണം.

ഡൽഹിയിലെ കോവിഡ് സാഹചര്യം കഴിഞ്ഞ രണ്ട് ആഴ്ചയായി വളരെയധികം മോശമാണ്. ഡൽഹിയും മഹാരാഷ്ട്രയും കഴിഞ്ഞാൽ കോവിഡ് സാഹചര്യം ഏറ്റവും മോശം ഗുജറാത്തിലാണ്. വിവാഹ ചടങ്ങുകൾക്കും, ഘോഷയാത്രകൾക്കും, ഉത്സവ ചടങ്ങുകൾക്കും ഇളവ് നൽകിയ ഗുജറാത്ത് സർക്കാർ നടപടിയെയും സുപ്രീം കോടതി വിമർശിച്ചു.

ഈ സ്ഥിതി തുടരുകയാണെങ്കിൽ ഗുജറാത്തിലെ സ്ഥിതി കൈവിട്ടു പോകുമെന്നും കോടതി നിരീക്ഷിച്ചു. കേസ് വെള്ളിയാഴ്ച പരിഗണിക്കാനായി കോടതി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!