ആക്‌സിലേറ്ററിലൊന്ന് കാലമര്‍ന്നതാ; 81 ലക്ഷത്തിന്റെ പോര്‍ഷെ ലാന്‍ഡ് ചെയ്തത് മറ്റൊരു കാറിന് മീതെ

വെറുമൊരു കാറപകടം, ഒന്ന് കൈവിട്ടു പോയതാണ്. പക്ഷെ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ച അപകടത്തിന്റെ വീഡിയോ നാല് ദിവസങ്ങൾക്കുള്ളിൽ ട്വിറ്ററിലൂടെ മാത്രം കണ്ടത് 43 ലക്ഷത്തിലധികം പേരാണ്. ഒരു പോർഷെ കാറാണ് പാർക്ക് ചെയ്യുന്നതിനിടെ അപകടത്തിൽ പെട്ടത്.
യുകെയിലെ എസ്സെക്സിലാണ് വൈറലായ ഈ അപകടം നടന്നത്. ഒരു ചെറിയ കയറ്റത്തിലേക്ക് കാറോടിച്ച് കയറ്റുന്നതാണ് ആദ്യം വീഡിയോയിൽ. വളരെ പതുക്കെ ശ്രദ്ധയോടെയാണ് വളവ് തിരിഞ്ഞ് കാർ വഴിയിലേക്ക് കയറുന്നത്. പിന്നെയെല്ലാം ഞൊടിയിടയിലാണ് നടക്കുന്നത്. നിയന്ത്രണം വിട്ട് മുന്നിലുള്ള എസ് യു വിയിൽ ഒന്നിടിച്ച് കാറിന്റെ ‘ക്രാഷ് ലാൻഡിങ്ങാ’ണ് പിന്നെ, അതും കയറ്റത്തിന് താഴെ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിന് മുകളിൽ.
കൈവിട്ടു പോയതെന്ന് പറയുന്നതിനേക്കാൾ കാൽ വിട്ടു പോയന്ന് പറയുന്നതാവും ഈ അപകടത്തിന്റെ കാര്യത്തിൽ യോജിക്കുന്നത്. ആക്സിലറേറ്ററിൽ ഡ്രൈവറൊന്നമർത്തി ചവിട്ടിയതാണ് അപകടകാരണം. കാറോടിച്ചിരുന്നയാൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായാണ് വിവരം. 81 ലക്ഷം രൂപ വിലവരുന്ന കാർ അപകടത്തിന് അഞ്ച് ദിവസം മുമ്പ് മാത്രമാണ് വാങ്ങിയത്. ഡ്രൈവറിന് പരിക്കൊന്നുമില്ലെങ്കിലും കാറിന്റെ സ്ഥിതി അതല്ലെന്നാണ് സൂചന.
ആദ്യം യൂട്യൂബിൽ അപ് ലോഡ് ചെയ്ത വീഡിയോ പിന്നീട് മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ഷെയർ ചെയ്യപ്പെടുകയായിരുന്നു. ഡ്രൈവറുടെ ‘കാറോടിക്കൽ പ്രാവീണ്യ’ത്തെ കുറിച്ച് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

