ഹലാല്‍ വിവാദം ക്രിക്കറ്റിലും: ടീം മെനുവില്‍ ഹലാല്‍ഭക്ഷണം നിര്‍ബന്ധമാക്കി BCCI; ബീഫും പോര്‍ക്കുമില്ല

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭക്ഷണ മെനുവിൽ ഹലാൽ മാംസം നിർബന്ധമാക്കി ബിസിസിഐ. കാൺപുരിൽ നടക്കുന്ന ന്യൂസീലൻഡിനെതിരായ ഒന്നാം ടെസ്റ്റിനുള്ള ഭക്ഷണ മെനുവിലാണ് ബിസിസിഐ താരങ്ങൾക്ക് ഹലാൽ ഭക്ഷണം ഏർപ്പെടുത്തിയത്. ഇതോടൊപ്പം ബീഫും പന്നിയിറച്ചിയും കഴിക്കരുതെന്നും നിർദേശമുണ്ടെന്നും ദേശീയ മാധ്യമമായ എൻഡിടിവിയുടെ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ ടീമിന്റെ ‘കാറ്ററിങ് റിക്വയർമെന്റ്സിന്റേയും മെനുവിന്റേയും’ ചിത്രവും എൻഡിടിവി പങ്കുവെച്ചിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ട നിർദേശം എന്ന നിലയിലാണ് ഹലാൽ ഭക്ഷണത്തിന്റേയും ബീഫിന്റേയും പന്നിയിറച്ചിയുടേയും കാര്യം സൂചിപ്പിക്കുന്നത്. താരങ്ങൾക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ഡയറ്റ് പ്ലാനാണ് ഇത്.
ഈ ഭക്ഷണ മെനു പുറത്തുവന്നതിന് പിന്നാലെ ബിസിസിഐയ്ക്കെതിരേ സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. #BCCIPromotesHalal എന്ന ഹാഷ്ടാഗിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഹലാൽ ഭക്ഷണം നിർബന്ധമാക്കിയ ബിസിസിഐയ്ക്കെതിരേ പ്രതിഷേധിക്കുന്നു എന്ന തരത്തിലാണ് മിക്ക ട്വീറ്റുകളും. ടീമിലെ ഒരു വിഭാഗത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് ബിസിസിഐയുടെ തീരുമാനം എന്നും ഇവർ ആരോപിക്കുന്നു.

