രാജ്യ ചരിത്രം പുതുക്കി എഴുതാൻ ശ്രമിക്കുന്നവർക്ക് താക്കീത്; ചരിത്രം പഠിക്കണം’; അണികള്‍ക്ക് രാഷ്ട്രീയവിദ്യാഭ്യാസം നല്‍കാന്‍ കോണ്‍ഗ്രസ് ക്ലാസുകള്‍

തിരുവനന്തപുരം: രാജ്യചരിത്രത്തെ പുതുക്കിയെഴുതാൻ കേന്ദ്രസർക്കാർ നടത്തുന്ന നീക്കത്തെ ചെറുക്കുന്നതിന് അണികൾക്ക് ചരിത്രപാഠങ്ങൾ പകർന്നുനൽകാൻ കോൺഗ്രസ്. സ്വാതന്ത്ര്യസമരം, രാഷ്ട്രപുനർനിർമാണം, മതേതരത്വം, വികസനപദ്ധതികളെക്കുറിച്ചുള്ള ആസൂത്രണം, സാമൂഹികനീതി തുടങ്ങി രാജ്യചരിത്രത്തിന്റെ നാൾവഴികളിൽ കോൺഗ്രസ് ചെയ്ത സംഭാവനകളും വഹിച്ച പങ്കും പുതിയ തലമുറ ഭാരവാഹികൾക്ക് പകർന്നുനൽകുകയാണ് ലക്ഷ്യം. ഡിസംബർ അഞ്ച്, ആറ് തീയതികളിലായി തിരുവനന്തപുരത്ത് ചരിത്രകോൺഗ്രസ് ചേരും. ശശി തരൂർ, ജയറാം രമേശ്, എക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി എഡിറ്റർ ഗോപാൽ ഗുരു, വിദ്യാഭ്യാസവിദഗ്ധൻ അനിൽ സത്‌ഗോപാൽ, വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് പുസ്തകമെഴുതിയ തമിഴ് ചരിത്രകാരൻ പി. അത്തിയമാൻ തുടങ്ങിയവരും സംസ്ഥാനത്തുനിന്നുള്ള അക്കാദമികവിദഗ്ധരും പങ്കെടുക്കും. ഗാന്ധിജിയും നെഹ്‌റുവും അടക്കമുള്ള നേതാക്കളെ തമസ്കരിക്കാനും മതേതരത്വത്തിന് ബദലായി ഹൈന്ദവദേശീയതയെ മുന്നോട്ടുവെക്കുന്നതിനുമുള്ള ശ്രമങ്ങൾ വിദ്യാഭ്യാസ പാഠ്യപദ്ധതിയിലൂടെ നടപ്പാക്കാനുമുള്ള കേന്ദ്രസർക്കാർ ശ്രമം പ്രതിരോധിക്കണമെന്ന് പാർട്ടി ചിന്തൻ ശിബിരം അഭിപ്രായപ്പെട്ടിരുന്നു. 1500-ഓളം മണ്ഡലം പ്രസിഡന്റുമാരും 300-ഓളം ബ്ലോക്ക് പ്രസിഡന്റുമാരും നിർബന്ധമായും പങ്കെടുക്കണമെന്നാണ് നിർദേശം. കെ.എസ്.യു. ഭാരവാഹികൾക്കും ക്ഷണമുണ്ട്. പാർട്ടിയുടെ ചരിത്രവുംമറ്റും ഉൾക്കൊള്ളുന്നതും വിവിധ വിഷയങ്ങളെ പാർട്ടി കാഴ്ചപ്പാടിൽ കാണുന്നതുമായ പുസ്തകങ്ങളും തയ്യാറാവുന്നുണ്ട്. ജില്ലാതലത്തിൽ തുടർക്ലാസുകളും സംഘടിപ്പിക്കും.

