KSDLIVENEWS

Real news for everyone

ബിസ്‌ലേരി ഇന്റര്‍നാഷണലിന്റെ പാക്ക് ചെയ്ത കുടിവെള്ള സാമ്പിള്‍ സുരക്ഷിതമല്ലെന്ന് എഫ്എസ്എസ്എഐ; പ്രോസിക്യുഷന്‍ നടപടിക്ക് അനുമതി

SHARE THIS ON

ഡല്‍ഹി: പ്രമുഖ കുപ്പിവെള്ള കമ്പനി ബിസ്‌ലേരി ഇന്റര്‍നാഷണലിന് എതിരെ പ്രോസിക്യുഷന്‍ നടപടിക്ക് ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ അനുമതി. ബിസ്‌ലേരി ഇന്റര്‍നാഷണലിന്റെ പാക്ക് ചെയ്ത കുടിവെള്ള സാമ്പിള്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തി. പരിശോധനയില്‍ അനുവദനീയമായ പരിധിയേക്കാള്‍ കൂടുതല്‍ ബ്രോമേറ്റ് കണ്ടെത്തി. കമ്പനിയുടെ അപ്പീലിനെ തുടര്‍ന്ന് സാമ്പിള്‍ റഫറല്‍ ലബോറട്ടറിയില്‍ വീണ്ടും പരിശോധന നടത്തിയിരുന്നു.രണ്ടാം പരിശോധനയിലും വെള്ളത്തില്‍ പോളി ന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണ്‍സ് കണ്ടെത്തിയിരുന്നു. 2006ലെ എഫ്എസ്എസ് ആക്ട് പ്രകാരം പ്രോസിക്യൂഷന്‍ ആരംഭിക്കാന്‍ അനുമതി നല്‍കി.

വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ചില പ്രക്രിയകളില്‍ രൂപപ്പെടാവുന്ന രാസസംയുക്തമാണ് ബ്രോമേറ്റ്. കുടിവെള്ളത്തില്‍ ഇതിന്റെ അളവ് നിശ്ചിത പരിധിക്കുള്ളില്‍ നിലനിര്‍ത്തേണ്ടതുണ്ട്.അനുവദനീയമായതിലധികം ബ്രോമേറ്റ് അടങ്ങിയ വെള്ളം ദീര്‍ഘകാലം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമായേക്കാം. ബിസ്ലേരി ഇന്റര്‍നാഷണലിന്റെ സ്ഥാപനത്തില്‍നിന്ന് ശേഖരിച്ച പാക്കേജ്ഡ് കുടിവെള്ളത്തിന്റെ (മിനറല്‍ വാട്ടര്‍ ഒഴികെയുള്ളത്) സാംപിളിലാണ് ആദ്യം ക്രമക്കേട് കണ്ടെത്തിയത്.

ഭക്ഷ്യവ്യവസായ സ്ഥാപനങ്ങള്‍ക്കും ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കുമെതിരായ പരിശോധനകളും നടപടികളും എഫ്എസ്എസ്എഐ അടുത്തിടെ ശക്തമാക്കിയിരുന്നു. എനര്‍ജി ഡ്രിങ്ക്, മദ്യപാനീയങ്ങള്‍ എന്നിവയുടെ നിര്‍മാതാക്കള്‍ക്കെതിരെയും അതോറിറ്റി നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ബിസ്‌ലേരിയുടെ പാക്ക് ചെയ്ത കുടിവെള്ള സാമ്പിള്‍ പരിശോധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!