KSDLIVENEWS

Real news for everyone

സംവിധായകന്‍ ഷാഫി ഗുരുതരാവസ്ഥയില്‍; ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് ബി. ഉണ്ണികൃഷ്ണന്‍

SHARE THIS ON

കൊച്ചി: മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന സംവിധായകന്‍ ഷാഫിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ലെന്ന് സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണന്‍. ആദ്ദേഹത്തിന് സാധ്യമായ എല്ലാ ചികിത്സയും നല്‍കുന്നുണ്ട്. വെന്റിലേറ്റര്‍ സഹായമുണ്ടെന്നും രോഗം ഉടന്‍ ഭേദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബി. ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

രക്തസ്രാവത്തെ തുടര്‍ന്ന് ഈ മാസം 16 -നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷാഫിയെ വെള്ളിയാഴ്ച നടന്‍ മമ്മൂട്ടി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. നിര്‍മാതാക്കളായ രജപുത്ര രഞ്ജിത്ത്, ആന്റോ ജോസഫ് എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. വെനീസിലെ വ്യാപാരി, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി തുടങ്ങിയ ഹിറ്റ് സിനിമകള്‍ മമ്മൂട്ടിക്ക് സമ്മാനിച്ചത് ഷാഫിയാണ്.

1995-ല്‍ ആദ്യത്തെ കണ്‍മണിയിലൂടെ അസിസ്റ്റന്‍ഡ് ഡയറക്ടറായി സിനിമാ കരിയര്‍ തുടങ്ങിയ ഷാഫി 2001-ല്‍ പുറത്തിറങ്ങിയ ജയറാം ചിത്രം വണ്‍മാന്‍ഷോയിലൂടെയാണ് സ്വതന്ത്രസംവിധായകനായത്. ഇതടക്കം പത്ത് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2002-ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം കല്യാണ രാമന്‍, ജയസൂര്യ ചിത്രം പുലിവാല്‍ കല്യാണം (2003), മമ്മൂട്ടി ചിത്രങ്ങളായ തൊമ്മനും മക്കളും(2005), മായാവി(2007), ചട്ടമ്പിനാട്(2009), ദിലീപ് ചിത്രം ടു കണ്‍ട്രീസ്(2015) എന്നിവയെല്ലാം തീയേറ്റര്‍ ഹിറ്റടിച്ച ചിത്രങ്ങളാണ്. 2022-ല്‍ റിലീസ് ചെയ്ത ഷറഫദ്ദീന്‍ ചിത്രം ആനന്ദം പരമാനന്ദമാണ് അവസാനം സംവിധാനം ചെയ്തത്. സംവിധായകനും തിരക്കഥാകൃത്തുമായ റാഫി സഹോദരനും അന്തരിച്ച സംവിധായകന്‍ സിദ്ദിഖ് അമ്മാവനുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!