KSDLIVENEWS

Real news for everyone

നെഞ്ചിൽ കുത്തേറ്റുവീണ അഖിൽ ഇന്ന് സംസ്ഥാന ചാമ്പ്യൻ; നീണ്ട മുറിപ്പാടിൽ ഉരഞ്ഞുകിടന്നു സ്വർണപ്പതക്കം

SHARE THIS ON

തിരുവനന്തപുരം: പന്ത്രണ്ട് തുന്നലുകൾവീണ നെഞ്ച് ജീവിതത്തിനുനേരേ വിരിഞ്ഞുനിന്നു. നീണ്ട മുറിപ്പാടിൽ ഉരഞ്ഞുകിടന്ന് സ്വർണപ്പതക്കം തിളങ്ങിയപ്പോൾ, പഴയ ആ കത്തിമുന തലതാഴ്ത്തിയിരിക്കണം. കാരണം സംസ്ഥാന പവർലിഫ്റ്റിങ് വേദിയിൽ ‘ചാമ്പ്യൻ’ എന്ന വാക്ക് എല്ലാ പൊരുളോടെയും എടുത്തണിഞ്ഞുനിൽക്കുകയായിരുന്നു അഖിൽ. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകർ നെഞ്ചിൽ കുത്തിവീഴ്ത്തിയ, ഹൃദയധമനിക്ക്‌ മുറിവേറ്റ അഖിൽ എന്ന ചെറുപ്പക്കാരനു മുന്നിൽ തോൽക്കുകയാണ് കാലുഷ്യത്തിന്റെ കലാലയരാഷ്ട്രീയം.

മണക്കാട് കളിപ്പാൻകുളം സ്വദേശി സി.അഖിൽ വേദനയുടെയും ഭീതിയുടെയും പല കടമ്പകൾ കടന്നാണ് കഴിഞ്ഞയാഴ്ച കൊച്ചിയിൽ നടന്ന സംസ്ഥാന പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണത്തോടെ ‘സ്‌ട്രോങ് മാൻ ഓഫ് കേരള’ പട്ടം നേടിയത്. ഓപ്പൺഹാർട്ട് ശസ്ത്രക്രിയയും മരുന്നുകളും തളർത്തിയ ശരീരത്തിന്റെ ഉയിർപ്പായിരുന്നു അത്. 2019 ജൂലായിലാണ് യൂണിവേഴ്‌സിറ്റി കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകർ മൂന്നാംവർഷ ബിരുദ വിദ്യാർഥിയായിരുന്ന അഖിലിനെ ആക്രമിച്ചത്. കാംപസിലെ നേതാക്കളെ ചോദ്യംചെയ്തതിലുള്ള പകയാണ് കത്തിക്കുത്തിൽ കലാശിച്ചത്. എസ്.എഫ്.ഐ. യൂണിറ്റ് ഭാരവാഹിയുടെ കുത്തേറ്റ അഖിലിന്റെ ഹൃദയധമനികൾ മുറിഞ്ഞു. കണ്ണിന്റെ റെറ്റിനയിലേക്കുള്ള ഞരമ്പും അറ്റു. മരണത്തെ ആട്ടിയകറ്റിക്കൊണ്ട് മാസങ്ങൾ നീണ്ട ആശുപത്രിവാസമായിരുന്നു പിന്നെ.

ശ്വസിക്കാനായി കഴുത്തിലിട്ട ട്യൂബിലൂടെ രക്തസ്രാവമുണ്ടായത് കാര്യങ്ങൾ വഷളാക്കി. ഇതിനിടെ പ്രതിയുടെ വീട്ടിൽനിന്ന് കേരള സർവകലാശാലയുടെ ഉത്തരക്കടലാസുകൾ കണ്ടെടുത്തതോടെ സർവകലാശാല, പി.എസ്.സി. പരീക്ഷാ തട്ടിപ്പുകളും കേരളം അറിഞ്ഞു. ‘ശരിക്കും ചോരച്ചാലുകൾ നീന്തിക്കയറിയത് ഞാനാണ്’ -അഖിൽ പറയുന്നു. ഇടതുകണ്ണിന്റെ കാഴ്ച ഇന്നും മടങ്ങിവന്നിട്ടില്ല..ഒരുവർഷം കഴിഞ്ഞ് തളർന്നുപോയ തന്റെ ശരീരത്തെയും മനസ്സിനെയും മടക്കിക്കൊണ്ടുവരാനായി അഖിൽ സ്വയം ‘തീവ്രപരിചരണം’ തുടങ്ങി. മസിലുകൾ ബലപ്പെടുത്താനുള്ള വ്യായാമങ്ങളിൽ തുടങ്ങി അഞ്ചുവർഷംകൊണ്ട് ജിം ട്രെയിനറായി മാറി.

തിരുമല മങ്കാട്ട് സ്വന്തമായി ഒരു ജിംനേഷ്യവും ആരംഭിച്ചു. ഒപ്പം അച്ഛൻ ചന്ദ്രനും അമ്മ ജിജുലാലും മാത്രം. മനസ്സും ശരീരവും ബലപ്പെട്ടവനായാണ് അഖിൽ കൊച്ചിയിൽ നടന്ന പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിനിറങ്ങിയത്. 105 കിലോ വിഭാഗത്തിൽ സ്വർണം നേടിയാണ് സംസ്ഥാന ചാമ്പ്യനായത്. രാജസ്ഥാനിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിനായുള്ള തയ്യാറെടുപ്പിലാണിപ്പോൾ. അവിടെയും പോഡിയത്തിലെ ഉയർന്ന തട്ടുതന്നെയാണ് അഖിലിന്റെ ലക്ഷ്യം.

2019 ജൂലായ്

നേതാക്കളെ ചോദ്യം ചെയ്തതിന് എസ്.എഫ്.ഐ. യൂണിറ്റ് ഭാരവാഹിയുടെ കുത്തേറ്റ് ഹൃദയധമനികൾ മുറിഞ്ഞു
റെറ്റിനയിലേക്കുള്ള ഞരമ്പ് അറ്റു. മാസങ്ങൾ നീണ്ട ആശുപത്രിവാസം
ശ്വസിക്കാനായി കഴുത്തിലിട്ട ട്യൂബിലൂടെ രക്തസ്രാവം


2020

തളർന്ന ശരീരത്തെയും മനസ്സിനെയും മടക്കിക്കൊണ്ടുവരാനായി വ്യായാമങ്ങളിൽ തുടങ്ങി. അഞ്ചുവർഷംകൊണ്ട് ജിം ട്രെയിനർ.
തിരുമല മങ്കാട്ട് സ്വന്തമായി ഒരു ജിംനേഷ്യം ആരംഭിച്ചു.
കൊച്ചിയിലെ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ105 കിലോ വിഭാഗത്തിൽ സ്വർണം നേടി സംസ്ഥാന ചാമ്പ്യൻ
രാജസ്ഥാനിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിനായുള്ള തയ്യാറെടുപ്പ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!