അനിയൻ അഫാനോട് ഭയങ്കര സ്നേഹമായിരുന്നു; വിശ്വസിക്കാനാകാതെ നാട്ടുകാർ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതക പരമ്പരയിൽ ഞെട്ടലിൽ കേരളം. ഉറ്റവരായ അഞ്ചു പേരെ കൊലപ്പെടുത്തിയതായി ഇരുപത്തിമൂന്നുകാരനായ അഫാൻ വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനിൽ എത്തി വെളിപ്പെടുത്തുകയായിരുന്നു.
അഫാന്റെ ഇരകളിൽ ഒരാൾ 13 വയസ്സുകാരൻ സഹോദരൻ അഫ്‌സാനാണ്. പ്രതിയും സഹോദരനുമായി പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്. സഹോദരനെ വലിയ സ്നേഹമായിരുന്നുവെന്നുമാണ് നാട്ടുകാർ പറയുന്നത്. സമൂഹമാധ്യമങ്ങളിൽ സഹോദരനൊപ്പമുള്ള ധാരാളം ചിത്രങ്ങൾ അഫാൻ പങ്കുവച്ചിട്ടുണ്ട്. പരീക്ഷ കഴിഞ്ഞശേഷം സ്കൂളിൽ നിന്ന് വീട്ടിലെത്തിയതായിരുന്നു അഫ്സാൻ. കൊലപ്പെടുത്തുന്നതിന് മുൻപ് അഫ്സാനെ അഫാൻ ഭക്ഷണം കഴിക്കാൻ പുറത്തുകൊണ്ടുപോയതായും സൂചനയുണ്ട്.
തിങ്കഴാഴ്ച വെെകീട്ടോടെയാണ് കൊലപാതകവിവരം പുറത്ത് വന്നത്. താൻ ആറ് പേരെ കൊന്നു, സഹോദരന്റെയും യുവതിയുടെയും മരണം ഉറപ്പാക്കിയെന്നും അഫാൻ വെളിപ്പെടുത്തുകയായിരുന്നു. വിവരം അറിഞ്ഞ ഉന്നത പോലീസ് ഉദ്യോഗസ്ഥർ വെഞ്ഞാറമൂട് സ്റ്റേഷനിലെത്തി. അഫാൻ പറഞ്ഞ സ്ഥലങ്ങളിൽ പോലീസ് സംഘം പരിശോധിച്ചപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
പാങ്ങോട്ടുള്ള വീട്ടിൽ യുവാവിന്റെ മുത്തശ്ശി സൽമാബീവി(88) യുടെ മൃതദേഹം കണ്ടെത്തി. ഇവരെ തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം പ്രതി ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടു. ചുള്ളാളത്തെത്തി പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊന്നു. സഹോദരൻ അഫ്സാനെയും ഫർസാനയെയും പെരുമലയിൽ വച്ചാണ് കൊലപ്പെടുത്തിയത്. മാതാവ് ഷെമി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. എലിവിഷം കഴിച്ചതായി വെളിപ്പെടുത്തിയതിനെ തുടർന്ന് അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിദേശത്തായിരുന്ന പ്രതി കുറച്ചുകാലം മുൻപാണ് നാട്ടിലെത്തിയത്.

