KSDLIVENEWS

Real news for everyone

കോവിഡ് വ്യാപനം; മഹാരാഷ്ട്രയുടെയും പഞ്ചാബിന്റെയും കാര്യത്തില്‍ കടുത്ത ആശങ്കയെന്ന് കേന്ദ്രം

SHARE THIS ON

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വീണ്ടും വർധിക്കുന്നതിനിടെ മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങൾ കടുത്ത ആശങ്ക സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര സർക്കാർ. ഈ സംസ്ഥാനങ്ങൾക്ക് പുറമെ ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലും കോവിഡ് കേസുകൾ കൂടുതലായി കാണുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ ഈ സംസ്ഥാനങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന യോഗം ശനിയാഴ്ച നടക്കും. സജീവ കോവിഡ് കേസുകൾ ഏറ്റവും അധികമുള്ള രാജ്യത്തെ പത്ത് ജില്ലകളിൽ ഒൻപതും മാഹാരാഷ്ട്രയിലാണ്. പുണെ, നാഗ്പുർ, മുംബൈ, താനെ, നാസിക്, ഔറംഗബാദ്, നന്ദേത്, ജാലഗോൺ, അകോല എന്നിവയാണ് ഒൻപത് ജില്ലകൾ. കർണാടകയിലെ ബെംഗളൂരു അർബനാണ് പത്താമത്തെ ജില്ലയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ കാര്യത്തിൽ 45 വയസിനു മുകളിൽ പ്രായമുള്ളവരുടെ കാര്യം പ്രാധാന്യം അർഹിക്കുന്നതാണ്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ 88 ശതമാനവും 45 വയസിന് മുകളിൽ പ്രായമുള്ളവരാണ്. ഈ വിഭാഗക്കാരിലെ മരണനിരക്ക് 2.85 ശതമാനമാണ്. ഈ കാരണത്താലാണ് ശാസ്ത്രീയ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ കുത്തിവെപ്പ് തുടങ്ങാനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.

അതിനിടെ പ്രായം മാനദണ്ഡമാക്കി വാക്സിനേഷൻ പ്രവർത്തനങ്ങൾ നടത്തുന്നത് ലോകാരോഗ്യ സംഘടനതന്നെ അംഗീകരിച്ചതാണെന്ന് നീതി ആയോഗ് അംഗം വി.കെ പോൾ ചൂണ്ടിക്കാട്ടി. ആവശ്യമുള്ള വാക്സിൻ രാജ്യത്ത് ലഭ്യമാണ്. സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ഓരോ ദിവസത്തെയും സ്ഥിതിഗതികൾ കേന്ദ്രം വിലയിരുത്തുന്നുണ്ട്. വാക്സിനേഷൻ പ്രവർത്തനങ്ങളിൽ സ്വകാര്യ മേഖലയുടെ പ്രാതിനിധ്യം വർധിപ്പിക്കാൻ ഇനിയും അവസരമുണ്ട്. നിലവിൽ 5425 സ്വകാര്യ കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ നടക്കുന്നത്. എന്നാൽ വാക്സിനേഷൻ നടത്തുന്ന സർക്കാർ കേന്ദ്രങ്ങളുടെ എണ്ണം 34,481 ആണ്. ഏപ്രിൽ മുതൽ വാക്സിനേഷൻ പ്രവർത്തനങ്ങളിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഇനിയും വർധിപ്പിക്കുമെന്നും വി.കെ പോൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!