KSDLIVENEWS

Real news for everyone

എംഎസ്‌എഫുകാരെ ജയിലിലടച്ചാല്‍ സമരം അവസാനിക്കില്ല’; നിയമസഭാ മാര്‍ച്ചിന് യൂത്ത് ലീഗ്

SHARE THIS ON

തിരുവനന്തപുരം : മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച്‌ യൂത്ത് ലീഗ് നാളെ നിയസഭയിലേക്ക് മാർച്ച്‌ നടത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.
വിദ്യാഭ്യാസ മന്ത്രി സഭയില്‍ അവതരിപ്പിച്ചത് കള്ളക്കണക്കാണ്. വാഗണില്‍ കുത്തിനിറയ്ക്കും പോലെയാണ് കുട്ടികളെ ക്ലാസ് മുറിയില്‍ നിറയ്ക്കുന്നത്. എംഎസ്‌എഫ്കാരെ ജയിലില്‍ അടച്ചാല്‍ സമരം അവസാനിക്കില്ലെന്നും പി.കെ ഫിറോസ് പറഞ്ഞു.

മന്ത്രി ഭൂമിയിലേക്ക് ഇറങ്ങി കുട്ടികളുടെ സങ്കടക്കണ്ണീർ കാണണം. വാഗണില്‍ കുത്തിനിറയ്ക്കും പോലെയാണ് കുട്ടികളെ ക്ലാസ് മുറിയില്‍ നിറച്ച്‌ ബ്രിട്ടീഷുകാരെപ്പോലെയാണ് മന്ത്രി ചെയ്യുന്നത്. പാലക്കാട്‌ മുതല്‍ കാസർഗോഡ് വരെ ആയിരക്കണക്കിന് കുട്ടികള്‍ക്ക് സീറ്റ് ലഭിച്ചിട്ടില്ല. മലപ്പുറത്ത് നിന്ന് പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് ഓപ്പണ്‍ സ്കൂളില്‍ പോകുന്നത്. വിദ്യാർത്ഥികളുടെ മുഖത്ത് നോക്കി മന്ത്രി കൊഞ്ഞനം കുത്തുകയാണെന്നും പി.കെ ഫിറോസ് പറഞ്ഞു.

പരിഹാരം കാണും വരെ യൂത്ത് ലീഗ് സമരരംഗത്തുണ്ടാകും. നാളെ 11 മണിക്കാണ് നിയമസഭയിലേക്കുള്ള മാർച്ച്‌. പി.കെ കുഞ്ഞാലികുട്ടി, പി.എം.എ സലാം, എം.കെ മുനീർ എന്നിവരും സമരത്തില്‍ പങ്കെടുക്കും.
നാളെയും അനുകൂല മറുപടിയില്ലെങ്കില്‍ തുടർ സമരങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

എസ്‌എഫ്‌ഐക്ക് പോലും സമരം ചെയ്യേണ്ട ഗതികേടുണ്ടായി. ശിവൻകുട്ടി തന്നെ എസ്‌എഫ്‌ഐയെ പരിഹസിച്ചു. ശിവൻകുട്ടിയുടെ വീട്ടിലേക്കോ എകെജി സെന്ററിലേക്കോ ആണ് SFI മാർച്ച്‌ നടത്തേണ്ടത്. കോടതി നിർദേശം വന്നിട്ടും സർക്കാരിന് അനക്കമില്ല. മന്ത്രി അവതരിപ്പിച്ചത് പെരുപ്പിച്ച കള്ളക്കണക്കാണ്. മാനേജ്മെന്റ് സീറ്റിലും കമ്മ്യൂണിറ്റി സീറ്റിലും അഡ്മിഷൻ നേടിയവരുടെ കണക്ക് കുറച്ചാണ് മന്ത്രി പറയുന്നത്. 50 കുട്ടികള്‍ മാത്രം വേണ്ട ക്ലാസുകളില്‍ 60- ന് മേല്‍ കുട്ടികള്‍ എങ്ങനെ വന്നുവെന്നും പികെ ഫിറോസ് ചോദിച്ചു.

error: Content is protected !!