KSDLIVENEWS

Real news for everyone

വീണ്ടും ഹരംകൊള്ളിച്ച് ക്രിസ്റ്റ്യാനോയുടെ ഇരട്ട ‘സിയൂ’ സെലിബ്രേഷൻ: മെസ്സിക്കും ഇല്ലാത്ത ചരിത്രനേട്ടം സ്വന്തമാക്കി താരം

SHARE THIS ON

ഹൂസ്റ്റൺ: വിമർശകർക്ക് കളത്തിൽ മറുപടി കൊടുക്കുന്നതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുട ശീലം! ഇത്തവണയും അതിനു മാറ്റമുണ്ടായില്ല. ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഡിആർ കോംഗോയ്‌ക്കെതിരെ നിറംമങ്ങിയതിന്റെ പേരിൽ കേട്ട വിമർശനങ്ങൾക്ക് രണ്ടാം മത്സരത്തിൽ രണ്ടു ഗോളടിച്ചാണ് റൊണാൾഡോയുടെ മറുപടി. ഉസ്‌ബെക്കിസ്ഥാനെതിരായ മത്സരത്തിന്റെ ആറാം മിനിറ്റിലും 39–ാം മിനിറ്റിലുമാണ് റോണോ വലകുലുക്കിയത്. മൈതാനത്തെ ഇളക്കിമറിച്ച് വീണ്ടും വിഖ്യാതമായ ആ ‘സിയൂ’ സെലിബ്രേഷൻ.

ആറാം മിനിറ്റിലെ ആ ഗോളോടെ ആറു വ്യത്യസ്ത ഫിഫ ലോകകപ്പുകളിൽ (2006, 2010, 2014, 2018, 2022, 2026) ഗോൾ നേടുന്ന ഏക പുരുഷ താരമായി റൊണാൾഡോ. 2006 ലോകകപ്പിലാണ് റൊണാൾഡോയുടെ ഗോൾവേട്ട ആരംഭിക്കുന്നത്; തുടർന്ന് 2010, 2014, 2018, 2022 പതിപ്പുകളിലും അദ്ദേഹം ഗോളുകൾ നേടി. ഏറ്റവും കൂടുതൽ ലോകകപ്പുകൾ കളിക്കുന്ന താരമെന്ന റെക്കോർഡ് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുമായി പങ്കിടുന്നുണ്ടെങ്കിലും, എല്ലാ പതിപ്പുകളിലും ഗോൾ നേടിയ ഏക താരം എന്ന നേട്ടത്തിൽ റൊണാൾഡോ മാത്രമാണുള്ളത്. 2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ മെസ്സിക്ക് ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും ഫിഫ ലോകകപ്പിലെ ടോപ് സ്‌കോറർ നേട്ടം ഈ ലോകകപ്പിൽ മെസ്സി സ്വന്തമാക്കിയിരുന്നു.

അർജന്റീനയുടെ ആദ്യ മത്സരത്തിൽ അൽജീരിയയ്‌ക്കെതിരെ ഹാട്രിക്കും തിങ്കളാഴ്ച ഓസ്ട്രിയയ്‌ക്കെതിരെ ഡബിളും നേടിയതോടെ ഫിഫ ലോകകപ്പിൽ മെസ്സിയുടെ ഗോൾ എണ്ണം 18 ആയി. ജർമൻ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡാണ് (16 ഗോൾ) മെസ്സി തകർത്തത്. ഉസ്ബെക്കിസ്ഥാനെതിരായ ഇരട്ടഗോളോടെ ലോകകപ്പിൽ റൊണാൾഡോയുടെ ഗോൾ എണ്ണം 10 ആയി. ലോകകപ്പിൽ പോർച്ചുഗലിനു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് റൊണാൾഡോയുടെ പേരിലായി. ഒൻപതു ഗോൾ നേടിയ യുസേബിയോയുടെ റെക്കോർഡാണ് മറികടന്നത്.

പോർച്ചുഗലിനു വേണ്ടി 230 മത്സരങ്ങളിൽനിന്ന് 145 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഏറ്റവും കൂടുതൽ രാജ്യാന്ത ഗോളുകളുള്ള താരമാണ്. അർജന്റീനയ്ക്കു വേണ്ടി 122 ഗോൾ നേടിയ ലയണൽ മെസ്സിയാണ് രണ്ടാമത്. ഇന്ത്യയ്ക്കു വേണ്ടി 95 ഗോളുകൾ നേടിയാണ് സുനിൽ ഛേത്രി ഈ പട്ടികയിൽ നാലാമതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!