കോവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ സൗദി അറേബ്യയിൽ മരണപ്പെട്ടു
റിയാദ്: സഊദിയില്‍ കൊവിഡ് ബാധയേറ്റ് മൂന്ന് മലയാളികള്‍ കൂടി മരണപ്പെട്ടു. കൊല്ലം സ്വദേശികള്‍ കിഴക്കന്‍ സഊദിയിലെ ദമാം, ഹഫര്‍ അല്‍ ബാത്വിന്‍ എന്നിവിടങ്ങളിലും മലപ്പുറം സ്വദേശി ഉനൈസയിലുമാണ് മരണപ്പെട്ടത്. കൊവിഡ് ബാധയേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന കോല്ലം ഓച്ചിറ ക്ലാപ്പന സ്വദേശി കൊച്ചുവീട്ടില്‍ മുജീബ് റഹ്മാന്‍ (48) ആണ് ഹഫര്‍ അല്‍ ബാത്വിനില്‍ മരണപ്പെട്ടത്. രണ്ടാഴ്ച്ച മുമ്ബാണ് ശ്വാസ തടസത്തെ തുടന്ന് ഇദ്ദേഹത്തെ കിംങ് ഖാലിദ് ഹോസ്പിറ്റലില്‍ ചികില്‍സയില്‍ പ്രവേശിപ്പിച്ചത്. അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും വ്യാഴാഴ്ച്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു.
പതിനഞ്ച് വര്‍ഷത്തോളം റിയാദില്‍ ജോലി ചെയ്ത ഇദ്ദേഹം പിന്നീട് ജോലി മതിയാക്കി നാട്ടില്‍ പോയി തിരിച്ചുവന്നു സഹോദരനുമായി ചേര്‍ന്ന് ഹഫര്‍ അല്‍ ബാത്വിനില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു. അതിനിടയില്‍ ആറുമാസം മുമ്ബ് മാതാവ് മരണപ്പെട്ടതുമൂലം നാട്ടിലേക്ക് ലീവിനുപോയ ഇദ്ദേഹം യാത്രാ നിയന്ത്രണങ്ങള്‍ക്ക് തൊട്ട് മുമ്ബാണ് മടങ്ങി വന്നത്. ഭാര്യ: സാജിദ ബീവി മക്കള്‍: ഷിഫാന, മുഹ്സിന. ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് വെല്‍ഫയര്‍ കൊര്‍ഡിനേറ്റര്‍ മുഹിനുദ്ദീന്‍ മലപ്പുറത്തിന്റെ നേത്യത്വത്തില്‍ ഹഫര്‍ അല്‍ ബാത്തിനിലെ വാളന്റിയര്‍മാരായ നൗഷാദ് കൊല്ലം, നൗഫല്‍ എരുമേലി, ഷിനുഖാന്‍ പന്തളം, മുജിബ് റഹ്മാന്റെ ബന്ധു നസീര്‍ കാപ്പില്‍ എന്നിവര്‍ രേഖകള്‍ തയ്യാറാക്കാന്‍ രംഗത്തുണ്ട്.
കൊല്ലം കല്ലുവെട്ടാങ്കുഴി സജീന മന്‍സിലില്‍ അബ്ദുല്‍ മനാഫ് (50) ആണ് ദമാമില്‍ കൊവിഡ് ബാധിച്ചു മരിച്ചത്. കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി കഴിഞ്ഞ ഒരു മാസം മുന്‍പേ അല്‍ ഖോബാറിലെ ഒരു സ്വകാര്യ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനയില്‍ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാത്രി ആരോഗ്യ നില വഷളാവുകയും ഇന്ന് രാവിലെ മരണം സംഭവിക്കുകയും ചെയ്തു. ഭാര്യ: റീജ, മക്കള്‍: അഫ്‌നാന്‍, അഫ്‌സല്‍.
മലപ്പുറം ചെമ്മാട് സ്വദേശി കുഞ്ഞിമരക്കാരകത്ത് ഷമീര്‍ (38) ആണ് ഉനൈസയില്‍ മരണപ്പെട്ടത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 13 വര്‍ഷമായി സഊദിയിലുണ്ടായിരുന്ന ഇദ്ദേഹം ഉനൈസയില്‍ പച്ചക്കറി വിതരണ കമ്ബനിയില്‍ ജോലി ചെയ്‌തു വരികയായിരുന്നു. അലിപ്പു – റുഖിയ ദമ്ബതികളുടെ മകനാണ്. ഭാര്യ: സാബിറ. മക്കള്‍: ഹാഫി, ഹിസു. ദമാമിലുള്ള സഹോദരന്‍ ഷംസു മരണവിവരം അറിഞ്ഞ് ഉനൈസയില്‍ എത്തിയിട്ടുണ്ട്. ഖബറടക്ക നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഉനൈസ കെ.എം.സി.സി നേതൃത്വം നല്‍കുന്നു.