കരിപ്പൂര്‍ വിമാനപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു ;
ഇതോടെ അപകടത്തിൽ മരണം 21 ആയി
കോഴിക്കോട് : കരിപ്പൂര്‍ വിമാന അപകടത്തില്‍ ഗുരുതര പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. കോഴിക്കോട് നരിപ്പറ്റ കാഞ്ഞരാടന്‍ വീട്ടില്‍ പ്രമോദിന്റെ ഭാര്യ മഞ്ജുളകുമാരി (38) ആണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം ദുബായ് റാസല്‍ഖൈമയിലായിരുന്ന മഞ്ജുളകുമാരി സുഹൃത്ത് രമ്യാ മുരളീധരനൊപ്പമാണ് നാട്ടിലേക്ക് മടങ്ങിയത്.
ഇതോടെ കരിപ്പൂര്‍ അപകടത്തില്‍ ആകെ മരണം 21 ആയി. മുക്കാളി, കണ്ണൂക്കര ചാത്തോത്ത് ഭാസ്‌കര കുറുപ്പിന്റെയും, പത്മിനി അമ്മയുടെയും മകളാണ്. സഹോദരങ്ങള്‍: മനോജ് കുമാര്‍, മഹിജകുമാരി, മഞ്ജുഷ
ആഗസ്റ്റ് ഏഴിനായിരുന്നു കരിപ്പൂരില്‍ വിമാനാപകടം നടന്നത്. ദുബൈയില്‍ നിന്ന് 184 യാത്രക്കാരും ആറ് ജീവനക്കാരുമായി എത്തിയ ഐ എക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് റണ്‍വെയില്‍ നിന്ന് തെന്നിമാറി താഴേക്ക് പതിക്കുകയായിരുന്നു. സംഭവം നടന്ന ദിവസം തന്നെ രണ്ട് പൈലറ്റുമാരടക്കം 18 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.