കുമ്പള ഹരീഷ് വധം ;
നാലാം പ്രതി മംഗളൂരുവില്‍ ഉള്ളതായി സൂചന
കുമ്പള : നായികാപ്പിലെ മിൽ ജീവനക്കാരൻ ഹരീഷിനെ(38) കുത്തിക്കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതി മംഗളൂരുവിൽ ഒളിവിൽ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചു. കൊലയുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യം ചെയ്ത വീട്ടമ്മയെ വീണ്ടും പോലീസ് ചോദ്യം ചെയ്യും. ഒരാഴ്ച മുൻപാണ് മിൽ അടച്ച് ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോൾ വീടിന് സമീപത്തെ വളവിൽ വച്ച് ഹരീഷിനെ കുത്തിക്കൊലപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതി ശ്രീകുമാറിനെ രണ്ടുദിവസത്തിനകം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടും മൂന്നും പ്രതികളായ റോഷൻ മണികണ്ഠൻ എന്നിവരെ ചേടിഗുമ്മെ വനത്തിനടുത്ത് തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു. കുമ്പള റെയിൽവേ സ്റ്റേഷന് സമീപത്തെ യുവാവിനെയാണ് പോലീസ് അന്വേഷിക്കുന്നത്.ഈ യുവാവാണ് കൊല നടന്ന ദിവസം കാറോടിച്ചിരുന്നത് എന്നാണ് പോലീസിന് ലഭിച്ച വിവരം. കൊലനടന്ന രാത്രി തന്നെ നായിക്കാപ്പിലെ ഒരു വീട്ടമ്മയെ ചോദ്യം ചെയ്തതോടെയാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്. കുമ്പള സ്റ്റേഷൻ ഹൗസ് ഓഫീസർ പി. പ്രമോദിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.