കടയിൽ നിന്നു പണം കവർന്നു രക്ഷപ്പെട്ട യുവാവ് പിടിയിൽ

ബേക്കൽ : വാടകയ്ക്കെടുത്ത കാറുമായി അനാദിക്കടയിലെത്തി മേശവലുപ്പിൽ നിന്നു 6500 രൂപയുമായി കടന്നുകളഞ്ഞ വിരുതൻ അറസ്റ്റിൽ . മൗവ്വൽ , പരയങ്ങാനത്തെ ലത്തീഫാ ( 36 ) ണ് ചന്തേര പൊലീസിന്റെ പിടിയിലായത്.ചന്തേര മാണിയാട്ടെ രാഘവൻ ആണ് കേസിലെ പരാതിക്കാരൻ . ലത്തീഫ് ഇന്നലെ രാവിലെയാണ് കാറുമായി രാഘവന്റെ കടയിൽ എത്തിയത് . ആവശ്യപ്പെട്ട സാധനങ്ങൾ എടുക്കുന്നതിനിടയിൽ കടയിലെ മേശവലുപ്പിൽ നിന്നു പണവുമായി കടന്നുകളയുകയായിരുന്നു . ഇതു സംബന്ധിച്ച പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് പിലിക്കോട്ട് റോഡരുകിലെ കാട്ടിനു സമീപത്ത് കാർ ദുരൂഹസാഹചര്യത്തിൽ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയത് . അകത്തു ഒരു യുവാവും ഉണ്ടായിരുന്നു . സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു . പൊലീസെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കടയിൽ നിന്നു പണവുമായി കടന്നുകളഞ്ഞ യുവാവാണെന്നു വ്യക്തമായത്

