ഓണം സമൃദ്ധമാക്കാൻ പൊതുവിതരണ വകുപ്പിന്റെ ഓണക്കിറ്റ്; ആദ്യദിനം ജില്ലയിൽ കൈപ്പറ്റിയത് 10028 പേർ

കാസർകോട് ∙ ഓണം സമൃദ്ധമാക്കാൻ പൊതുവിതരണ വകുപ്പിന്റെ ഓണക്കിറ്റ് വിതരണം തുടങ്ങി. ആദ്യ ദിനം 10028 മഞ്ഞ കാർഡുകാരാണ് കിറ്റ് കൈപ്പറ്റിയത്. ഹൊസ്ദുർഗ് താലൂക്കിൽ 2130, കാസർകോട് താലൂക്കിൽ 3612, മഞ്ചേശ്വരം താലൂക്കിൽ 1652, വെള്ളരിക്കുണ്ട് താലൂക്കിൽ 2734 എന്നിങ്ങനെ കാർഡുടമകളാണ് ഇന്നലെ കിറ്റ് വാങ്ങിയത്. സെർവർ തകരാറിലായതിനെ തുടർന്ന് ഇ പോസ് മെഷീൻ പണി മുടക്കിയത് കിറ്റ് വിതരണത്തെ ബാധിച്ചു.
പലയിടങ്ങളിലും രാവിലെ 1നു തകരാറിലായ യന്ത്രം വൈകിട്ട് ശരിയായെങ്കിലും പിന്നീട് വീണ്ടും തകരാറിലായി. ഒടിപി സംവിധാനം ഉപയോഗപ്പെടുത്തിയാണ് പിന്നീട് പലർക്കും കിറ്റ് നൽകിയത്. എന്നാൽ റേഷൻ കാർഡിന് വിവരങ്ങൾ നൽകുമ്പോൾ നൽകിയ ഫോൺ നമ്പർ കൈവശമില്ലാത്തവർക്ക് ഈ രീതിയിലും വിതരണം ചെയ്യാൻ പ്രയാസമുണ്ടായി. ഓരോ വിഭാഗം കാർഡുടമകൾക്കും പ്രത്യേകം തീയതികൾ നിശ്ചയിച്ചാണ് റേഷൻ കടകൾ വഴിയുള്ള കിറ്റുകളുടെ വിതരണം.

