KSDLIVENEWS

Real news for everyone

ഇനിയും തോറ്റാൽ കോലിയെ ഈ സീസണിൽത്തന്നെ പുറത്താക്കും: മുൻ താരം

SHARE THIS ON

ന്യൂഡൽഹി∙ ഈ സീസണോടു കൂടി ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി) ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഒഴിയുമെന്ന് പ്രഖ്യാപിച്ച വിരാട് കോലിയെ അതിനു മുൻപേ തൽസ്ഥാനത്തുനിന്ന് പുറത്താക്കിയാലും അദ്ഭുതപ്പെടാനില്ലെന്ന് മുൻ ഇന്ത്യൻ താരം. ഐപിഎൽ 14–ാം സീസണിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ബാംഗ്ലൂർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടു തോറ്റിരുന്നു. ഇതിനു പിന്നാലെയാണ് പേരു വെളിപ്പെടുത്താൻ തയാറാകാത്ത മുൻ താരം, കോലിയ ആർസിബി നായകസ്ഥാനത്തുനിന്ന് പുറത്താക്കിയാലും അദ്ഭുതപ്പെടാനില്ലെന്ന് വ്യക്തമാക്കിയത്. ഇന്ന് വൈകീട്ട് ബാംഗ്ലൂരും ചെന്നൈ സൂപ്പർ കിങ്സും ഏറ്റുമുട്ടുന്നുണ്ട്.

കൊൽക്കത്തയ്‌ക്കെതിരായ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂർ വെറും 92 റൺസിന് എല്ലാവരും പുറത്തായിരുന്നു. ഐപിഎലിൽ ബാംഗ്ലൂരിന്റെ ഏറ്റവും ചെറിയ ആറാമത്തെ സ്കോറായിരുന്നു ഇത്. മത്സരത്തിൽ ഒയിൻ മോർഗൻ നയിച്ച കൊൽക്കത്ത ഒൻപതു വിക്കറ്റിനാണ് കോലിയേയും സംഘത്തേയും തോൽപ്പിച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബാംഗ്ലൂരിനായി ക്യാപ്റ്റൻ വിരാട് കോലി ഓപ്പണറായിട്ടാണ് എത്തിയത്. എന്നാൽ, കൊൽക്കത്ത താരം പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ പുറത്തായി മടങ്ങുമ്പോൾ സമ്പാദ്യം നാലു പന്തിൽ അഞ്ച് റൺസ് മാത്രം. അംപയർ എൽബി അപ്പീൽ അനുവദിച്ചതിനു പിന്നാലെ കോലി ഡിആർഎസ് ആവശ്യപ്പെട്ടെങ്കിലും അതും വിഫലമായി.

ഇതിനിടെ, വിരാട് കോലി ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ തിരഞ്ഞെടുത്ത സമയം ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി മുൻ താരങ്ങളിൽ ചിലർ പരസ്യമായി രംഗത്തെത്തി. ടൂർണമെന്റിനിടെ കോലി ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചത് ടീമിന്റെ ആത്മവീര്യം ചോർത്തുമെന്ന് മുൻ താരങ്ങളായ ഗൗതം ഗംഭീർ, സഞ്ജയ് മഞ്ജരേക്കർ, ആകാശ് ചോപ്ര തുടങ്ങിയവർ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കോലിയെ ഈ സീസണിൽത്തന്നെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു താരം രംഗത്തെത്തിയത്. വാർത്താ ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

‘കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ കോലി കളിച്ച രീതി നോക്കൂ. യാതൊരു പിടിയും കിട്ടാത്ത കളിയായിരുന്നു അത്. അദ്ദേഹം ഇപ്പോൾ ഒട്ടും ഫോമിലല്ല. ഈ സീസണിൽത്തന്നെ കോലിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയാലും അദ്ഭുതപ്പെടാനില്ല. മുൻപ് മറ്റു ടീമുകളും ഇത്തരത്തിൽ ക്യാപ്റ്റൻമാരെ മാറ്റിയിട്ടുണ്ട്’ – മുൻ താരം ചൂണ്ടിക്കാട്ടി.

‘കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ദിനേഷ് കാർത്തിക്കിനെയും സൺറൈസേഴ്സ് ഹൈദരാബാദ് ഡേവിഡ് വാർണറേയും മാറ്റിയത് ഉദാഹരണം. ഇരുവരും രാജിവച്ചതോ ടീം മാനേജ്മെന്റ് പുറത്താക്കിയതോ ആണ്. ഇതേ കാര്യം ബാംഗ്ലൂർ ടീമിലും സംഭവിക്കാം. കഴിഞ്ഞ ദിവസം കൊൽക്കത്തയ്‌ക്കെതിരായ മത്സരം കണ്ടശേഷമാണ് അത്തരമൊരു സാധ്യത എനിക്ക് തോന്നിയത്. ഒരു കളിയിൽക്കൂടി തോറ്റാൽ കോലിയെ നായകസ്ഥാനത്തുനിന്ന് മാറ്റിക്കൂടായ്കയില്ല’ – മുൻ താരം പറഞ്ഞു.

2013ൽ ന്യൂസീലൻഡ് താരം ഡാനിയൽ വെട്ടോറിയുടെ പിൻഗാമിയായാണ് വിരാട് കോലി ബാംഗ്ലൂർ നായകനായത്. ഇതുവരെ 132 മത്സരങ്ങളിൽ ബാംഗ്ലൂരിനെ നയിച്ച കോലിക്കു കീഴിൽ 62 മത്സരങ്ങൾ ടീം ജയിച്ചു. 66 മത്സരങ്ങൾ തോറ്റു. നാലു മത്സരങ്ങൾ ഫലമില്ലാതെ പോയി.

കോലി നായകസ്ഥാനത്തുനിന്ന് മാറിയാൽ ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സ് തൽസ്ഥാനത്തു വരാനാണ് സാധ്യത. ടീമിൽ വലിയതോതിൽ ബഹുമാനിക്കപ്പെടുന്ന താരമാണ് ഡിവില്ലിയേഴ്സ്. അദ്ദേഹം നായകസ്ഥാനം തിരസ്കരിച്ചാൽ മുതിർന്ന ബോളർ യുസ്‌വേന്ദ്ര ചെഹലിന് സാധ്യതയുണ്ട്. 106 മത്സരങ്ങളിൽനിന്ന് ബാംഗ്ലൂരിനായി 125 വിക്കറ്റുകൾ വീഴ്ത്തിയ താരമാണ് ചെഹൽ. യുവ ക്യാപ്റ്റനെയാണ് ബാംഗ്ലൂർ നോക്കുന്നതെങ്കിൽ മലയാളി താരം ദേവ്ദത്ത് പടിക്കലിും സാധ്യതയുണ്ട്. ഐപിഎലിൽ യുവ താരങ്ങളെ ക്യാപ്റ്റനാക്കുന്ന ശൈലിയും ദേവ്ദത്തിന്റെ സാധ്യതകൾ വർധിപ്പിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!