ചണ്ഡീഗഡ് സര്‍വകലാശാല വിവാദം: നഗ്ന വീഡിയോ ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയവരില്‍ സൈനികനും

ചണ്ഡീഗഡ്: ചണ്ഡീഗഡ് സര്‍വകലാശാലയിലെ വിവാദ വീഡിയോ കേസില്‍ സൈനികന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ ദൃശ്യങ്ങളാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ ജമ്മു സ്വദേശിയായ സൈനികനാണ് അറസ്റ്റിലായത്. അരുണാചലിലെ സേല പാസ്സില്‍ ജോലി ചെയ്യുന്നു സഞ്ജീവ് സിംഗിനെ സൈന്യത്തിന്റെയും അരുണാചല്‍ പൊലീസിന്റെ സഹായത്തോടെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. നഗ്നദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ഉയാള്‍ നടത്തിയ ചാറ്റിന്റെ വിവരങ്ങള്‍ പെണ്‍കുട്ടിയുടെ ഫോണില്‍ നിന്ന് ലഭിച്ചതായി പഞ്ചാബ് പൊലീസ് അറിയിച്ചു. ഇയാളുടെ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയക്കും. പ്രതിയെ പഞ്ചാബിലെത്തിച്ച് ചോദ്യം ചെയ്യുന്നതോടെ കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നഗ്ന വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെ ആളാണ് സഞ്ജീവ് സിംഗ്. പെണ്‍കുട്ടി, സുഹൃത്ത് എന്നിവരുള്‍പ്പെടെ മൂന്ന് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവര്‍ രണ്ടുപേരും കൂടുതല്‍ പേരുടെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇവരുടെ പക്കല്‍ നിന്ന് പെണ്‍കുട്ടിയുടെ 12 വീഡിയോകള്‍ കൂടി പൊലീസ് കണ്ടെത്തിയിരുന്നു.

