അവയവ മാഫിയയ്ക്ക് പൂട്ടു വീഴും ; സംസ്ഥാന വ്യാപക അന്വേഷണത്തിന് ഒരുങ്ങി ക്രൈംബ്രാഞ്ച് ; പ്രത്യേക സംഘത്തെ രൂപീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ അവയവക്കച്ചവട മാഫിയക്കെതിരായ അന്വേഷണം ക്രൈംബ്രാഞ്ച് വിപുലീകരിക്കുന്നു. സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തുന്നതിന് വേണ്ടി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ രൂപീകരിക്കും. തൃശൂര്‍ എസ്‍പി എസ് സുദര്‍ശന്‍റെ നേതൃത്വത്തിലാകും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുക.
ഇടനിലക്കാര്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരുടെ പങ്ക് വിശദമായി ഈ സംഘം അന്വേഷിക്കും. സംസ്ഥാനത്ത് അവയവ ദാനവുമായി ബന്ധപ്പെട്ട് വന്‍ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഏജന്‍റുമാരുടെ ചതിയില്‍പ്പെട്ട് നിരവധിപ്പേര്‍ വൃക്ക ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ വില്‍പ്പന നടത്തിയെന്നും ഐജി എസ് ശ്രീജിത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.സംസ്ഥാനത്ത് അവയവ കൈമാറ്റത്തിന് മൃതസഞ്ജീവനിയെന്ന പദ്ധതിയുണ്ട്. മരണാനന്തരമുള്ള അവയവദാനമാണ് ഈ പദ്ധതി. ജീവിക്കുമ്ബോഴോ, അല്ലങ്കില്‍ ഒരാള്‍ മരണപ്പെട്ടാല്‍ ബന്ധുക്കളുടെ സമ്മതത്തോടെയോ അവയവങ്ങള്‍ രോഗിക്ക് മാറ്റിവയ്ക്കുന്നതാണ് പദ്ധതി. നിയമാനുസൃതമുള്ള ഈ പദ്ധതിയെ അട്ടിമറിച്ച് ഏജന്‍റുമാര്‍ അവയവ കച്ചവടം നടത്തുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നിരവധി പാവപ്പെട്ട മനുഷ്യര്‍ ചൂഷണത്തിന് ഇരയായെന്ന് മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. സംസ്ഥാനത്ത് എവിടെയുള്ളവരാണെന്നോ ഏത് ആശുപത്രി കേന്ദ്രീകരിച്ചാണ് ഇത്തരത്തില്‍ ശസ്ത്രക്രിയ നടന്നതെന്നോ റിപ്പോര്‍ട്ടിലില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഈ മാഫിയക്കൊപ്പം പ്രവര്‍ത്തിച്ചതായി സംശയിക്കുന്നുണ്ടന്നും ഐജി പറയുന്നു. ആരെയും പ്രതിയാക്കാതെയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

