KSDLIVENEWS

Real news for everyone

അതിവേഗക്കാർ ജാഗ്രത ; കെ.എസ്.ടി.പി. റോഡിൽ ഗതാഗത വകുപ്പിന്റെ ക്യാമറകൾ മിഴി തുറന്നു

SHARE THIS ON

കാസർഗോഡ്: ഇനിമുതൽ കാസർകോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി. റോഡിൽ പാഞ്ഞുപോകുന്നവർ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും.

അതിവേഗക്കാരെ പിടിക്കാൻ ഗതാഗത വകുപ്പിന്റെ ആറ് ക്യാമറകൾ വഴിയരികിൽ കൺതുറന്നു. ചെമ്മനാട്, ഉദുമ-പള്ളം, തൃക്കണ്ണാട്, ബേക്കൽ എൽ.പി. സ്കൂൾ, പൂച്ചക്കാട്, ചിത്താരി എന്നീ ആറ് സ്ഥലങ്ങളിലാണ് വേഗപരിശോധനാ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.

ഗതാഗത കമ്മിഷണറുടെ ഉത്തരവ് പ്രകാരം കെൽട്രോൺ ആണ് നിർമാണം ഏറ്റെടുത്തിരിക്കുന്നത്. ഹൈവേയിലോടിക്കാവുന്ന പരമാവധി വേഗമായ 80 കിലോമീറ്റർ സ്പീഡാണ് ഇനി ഈ റൂട്ടിലെ പരമാവധി വേഗം. കെ.എസ്.ടി.പി. റോഡിൽ കൂടുതൽ അപകടങ്ങൾ സംഭവിക്കുന്ന സ്ഥലങ്ങളാണ് ക്യാമറവെക്കുന്നതിനായി തിരഞ്ഞെടുത്തത്. ക്യാമറയോടൊപ്പം റോഡിന് നടുവിൽ തകിടും സ്ഥാപിച്ചിട്ടുണ്ട്‌. വാഹനങ്ങളുടെ വേഗം കണക്കാക്കുന്നതിനാണിത്‌.

വാഹനങ്ങളുടെ ചക്രം ഒരു തകിടിൽ കയറി മറുതകിടിൽ എത്തുന്ന സമയത്തിന്റെ അടിസ്ഥാനത്തിലാണ് ക്യാമറ വേഗം കണക്കാക്കുന്നത്. ഇതനുസരിച്ച് വാഹനത്തിന്റെ വേഗം 80 കിലോമീറ്റിൽ കൂടുതലാണെന്ന് കണ്ടെത്തിയാൽ വാഹന നമ്പർ വ്യക്തമാകുന്ന ചിത്രം കൺട്രോൾ റൂമിലേക്ക് ഇന്റർനെറ്റ് മുഖേന അയ്ക്കും. ഇതനുസരിച്ചാണ് വാഹന ഉടമയുടെ പേരിൽ പിഴയീടാക്കുന്നത്.

എറണാകുളത്താണ് ക്യാമറകളുടെ കൺട്രോൾ റൂം പ്രവൃത്തിക്കുന്നത്. വരുന്ന ജനുവരിയിൽ ഇത് കറന്തക്കാട്ടേക്ക് മാറുമെന്നും ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു.

ആറ് ക്യാമറകളുടെയും എല്ലാ ജോലികളും പൂർത്തീകരിച്ചുകഴിഞ്ഞതാണ്. വൈദ്യുതികൂടി ലഭിക്കുന്നതോടെ ക്യാമറകൾ പ്രവർത്തിച്ചുതുടങ്ങും. ഇതിനായി കെ.എസ്.ഇ.ബി.ക്ക് അപേക്ഷ നല്കിയതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

നാല്‌ ചക്രവാഹനങ്ങൾക്ക്‌ പരമാവധി വേഗം 80 കിലോ മീറ്റർ.

ഇരുചക്രവാഹനങ്ങൾക്ക്‌ 60 കിലോ മീറ്ററുമാണ്‌

ഇല്ലാ കുറ്റത്തിനും പിഴ 1500 രൂപ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!