KSDLIVENEWS

Real news for everyone

നടിയെ ആക്രമിച്ച കേസ് : സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രദീപ് കുമാറിന് മുൻകൂർ ജാമ്യമില്ല

SHARE THIS ON

കാസർഗോഡ് : നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി പ്രദീപ് കുമാർ കോട്ടത്തലയുടെ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് സെഷൻസ് കോടതി തള്ളി.

അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവ് ശേഖരിക്കണമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.

സെഷൻസ് കോടതി ജഡ്ജി എസ്.എച്ച്. പഞ്ചാപകേശനാണ് കേസ് തീർപ്പാക്കിയത്. നടിയെ ആക്രമിച്ച കേസിലെ സാക്ഷി ബേക്കൽ മലാംകുന്ന് സ്വദേശി വിപിൻലാലിന്റെ പരാതിയിലാണ് ബേക്കൽ പോലീസ് കേസെടുത്തത്. കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എ.യുടെ പ്രൈവറ്റ് സെക്രട്ടറിയാണ് പ്രതി പ്രദീപ്കുമാർ കോട്ടത്തല.

2014-ലെ അർണേഷ് കുമാർ കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി അറസ്റ്റ് തടയണമെന്ന് പ്രതിഭാഗം വാദിച്ചു. കൃത്യമായ കാരണം വ്യക്തമാക്കി പ്രതിയെ പോലീസിന് അറസ്റ്റ് ചെയ്യാമെന്ന് കോടതി ഉത്തരവിട്ടു. ഇക്കാര്യം അറസ്റ്റിനുശേഷം മജിസ്‌ട്രേറ്റിനെ ബോധ്യപ്പെടുത്തണം. സി.ആർ.പി.സി. 41 (എ) പ്രകാരം നോട്ടീസ് നൽകി വിളിപ്പിച്ച പ്രതിയെ അത്യപൂർവമായി മാത്രമേ അറസ്റ്റ് ചെയ്യാൻ പാടുള്ളൂവെന്നാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്.

നോട്ടീസ് ലഭിച്ചപ്പോൾ പ്രതി പോലീസ് മുമ്പാകെ ഹാജരായി മൊഴി നൽകിയെന്നും അന്വേഷണവുമായി സഹകരിച്ചെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. അതേസമയം പോലീസ് ജാമ്യാപേക്ഷയെ എതിർത്ത് സമർപ്പിച്ച റിപ്പോർട്ട് കോടതി പരിഗണിച്ചില്ല.

മൂന്നുദിവസമായി നടന്ന വാദത്തിനുശേഷമാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷന് വേണ്ടി ദിനേശ് കുമാറും പ്രതിഭാഗത്തിനായി പി. പ്രേമരാജനും ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!