മുളിയാറിൽ വിമതർ ; ഇരുമുന്നണികൾക്കും ഭീഷണി

ബോവിക്കാനം: മുളിയാറിൽ യു.ഡി.എഫിലും എൽ.ഡി.എഫിലും വിമതന്മാരുടെ ഭീഷണി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മുളിയാർ ഡിവിഷനിലാണ് യു.ഡി.എഫ് .വിമതൻ ഭീഷണി ഉയർത്തിയിരിക്കുന്നത്. ഡി.സി.സി.ജനറൽ സെക്രട്ടറി എം.കുഞ്ഞമ്പു നമ്പ്യാരാണ് യു.ഡി.എഫ്. സ്ഥാനാർഥി. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുകൂടിയാണ് കുഞ്ഞമ്പു നായർ. യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ ഡിവിഷനിൽ മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി ഹംസ ആലൂരാണ് വിമതനായി രംഗത്തുള്ളത്. മുളിയാർ പഞ്ചായത്ത് മുൻ അംഗമായിരുന്ന ഹംസയെ മത്സരരംഗത്തുനിന്ന് ഒഴിവാക്കുന്നതിന് നേതൃത്വം ശ്രമം നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. കോൺഗ്രസ് മുളിയാർ ബ്ലോക്ക്.
വൈസ് പ്രസിഡന്റും ഐ.എൻ.ടി.യു.സി. ജില്ലാ സെക്രട്ടറിയുമായ ബി.സി.കുമാരനും പത്രിക നൽകിയിരുന്നെങ്കിലും കോൺഗ്രസ് നേതൃത്വം ഇടപെട്ട് പിൻവലിപ്പിച്ചു. മത്സരരംഗത്തുനിന്ന് പിൻമാറിയെങ്കിലും അതിനിടയാക്കിയ പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ലെന്നും ബി.സി.കുമാരൻ പറഞ്ഞു.
മുളിയാർ ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡായ ചൂരിമൂലയിലാണ് എൽ.ഡി.എഫിന് വിമതൻ ഭീഷണി ഉയർത്തുന്നത്. സി.പി.ഐ.യിലെ എം.അബ്ദുൾ ജാഫറാണ് ഇടത് സ്ഥാനാർഥി അബ്ദുൾ സവാദിനെതിരേ രംഗത്തുള്ളത്. സി.പി.ഐ. പ്രവർത്തകൻ മത്സരരംഗത്ത് നിലയുറപ്പിച്ചതുവഴി സി.പി.എമ്മിന് യാതൊരു ഭീഷണിയുമില്ലെന്നും വിജയം ഉറപ്പാണെന്നും സി.പി.എം. ഏരിയാ സെക്രട്ടറി എം.മാധവൻ പറഞ്ഞു.

