മോദി അപശകുനമെന്ന പരാമർശം: രാഹുലിന് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ്

ന്യൂഡൽഹി: രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് പ്രചാരണസമ്മേളനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസയച്ചു. ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യൻ ടീമിന് പ്രധാനമന്ത്രിയുടെ വരവ് അപശകുനമായി എന്നുംമറ്റുമുള്ള പരാമർശങ്ങൾക്കെതിരേയാണ് നോട്ടീസ്. പോക്കറ്റടിക്കാരൻ, സമ്പന്നർക്ക് വായ്പയിളവ് നൽകുന്നയാൾ തുടങ്ങിയ പരാമർശങ്ങളും മോദിക്കെതിരേ രാഹുൽ നടത്തിയിരുന്നു. ശനിയാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നാണ് കമ്മിഷൻ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മുതിർന്ന നേതാവിൽനിന്ന് ഇത്തരമൊരു പ്രതികരണം അനുചിതമാണെന്നുകാട്ടി ബി.ജെ.പി. നൽകിയ പരാതിയിലാണ് രാഹുൽഗാന്ധിക്ക് കമ്മിഷൻ നോട്ടീസയച്ചത്. രാഷ്ട്രീയ എതിരാളികൾക്കെതിരേ തെളിവില്ലാതെ ആരോപണമുന്നയിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കമ്മിഷൻ നോട്ടീസിൽ ഓർമിപ്പിച്ചു. കഴിഞ്ഞ ഒമ്പതുവർഷത്തിനിടെ വ്യവസായികൾക്ക് 14 ലക്ഷം കോടിയുടെ നികുതിയിളവുകൾ അനുവദിച്ചെന്ന രാഹുലിന്റെ ആരോപണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് ബി.ജെ.പി. പരാതിയിൽ പറഞ്ഞിരുന്നു. ഈ തിരഞ്ഞെടുപ്പുകാലത്തെ പ്രസംഗത്തിന്റെ പേരിൽ രാഹുലിന് തിരഞ്ഞെടുപ്പു കമ്മിഷനിൽനിന്ന് ലഭിക്കുന്ന ആദ്യനോട്ടീസാണിത്. പ്രിയങ്കാഗാന്ധിക്ക് നേരത്തേ രണ്ടുതവണ നോട്ടീസ് കിട്ടിയിരുന്നു

