KSDLIVENEWS

Real news for everyone

കസേരത്തര്‍ക്കം തുടരുന്നു; കോഴിക്കോട് ഡി.എം.ഒ. ഓഫീസും സാഗർ കോട്ടപ്പുറവും

SHARE THIS ON

അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിലെ ശ്രീനിവാസനും നന്ദിനിയും തമ്മിലുള്ള താലൂക്ക് ഓഫീസിലെ രംഗം ആരും മറന്നിട്ടുണ്ടാകില്ല. ശ്രീനിവാസന്‍ അവതരിപ്പിച്ച തഹസില്‍ദാര്‍ രാമകൃഷ്ണന് സ്ഥലം മാറിയെത്തിയപ്പോള്‍ കസേര ഒഴിഞ്ഞുകൊടുക്കാതെ വാശിപിടിക്കുകയായിരുന്നു നന്ദിനി അവതരിപ്പിച്ച പ്രിയദര്‍ശിനി എന്ന കഥാപാത്രം. പിന്നീട് രാമകൃഷ്ണനെ പ്രിയദര്‍ശിനി മുറിയില്‍ പൂട്ടിയിടുകയും മാധ്യമങ്ങളെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുകയും ചെയ്തു. ഏറെ രസകരമായ രംഗങ്ങളായിരുന്നു ഇത്. പിന്നീട് മോഹൻലാലിന്റെ നായകകഥാപാത്രമായ സാഗർ കോട്ടപ്പുറം ഈ സംഭവത്തെ ആധാരമാക്കി നോവലും എഴുതുന്നുണ്ട്.

സിനിമയിലെ ഈ സീനുകളോട് സാമ്യമുള്ള സംഭവം കോഴിക്കോട് ഡി.എം.ഒ. ഓഫീസിലും നടന്നു. കസേരയ്ക്കായി രണ്ട് ഡി.എം.ഒകള്‍ ഇന്നലെ തുടങ്ങിയ തര്‍ക്കം മാറ്റമില്ലാതെ ഇന്നും തുടരുകയാണ്. ഇന്നും ഒരേ സമയം രണ്ട് പേരാണ് ഡി.എം.ഒ. ആയി ഓഫിസിലെ കാബിനിലിരുന്നത്. സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിയും നിലവിലെ ഡി.എം.ഒ. ഡോ. രാജേന്ദ്രനും കൃത്യസമയത്ത് തന്നെ ഓഫീസിലെത്തി കാബിനിലിരുന്നു.

നിയമപ്രകാരം താനാണ് ഡി.എം.ഒ. എന്ന് രാജേന്ദ്രനും വിധി തനിക്ക് അനുകൂലമാണെന്ന് ആശാദേവിയും നിലപാട് എടുത്തതോടെയാണ് കസേരകളി തുടരുന്നത്. നിയമനടപടികളിലെ സാങ്കേതികത്വം ഉയര്‍ത്തി സ്ഥലം മാറ്റം കിട്ടി എത്തിയ ആശാദേവിക്ക് കസേര ഒഴിഞ്ഞു കൊടുക്കാനും ഡോ. രാജേന്ദ്രന്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഈ മാസം ഒമ്പതിനാണ് ഈ പ്രശ്‌നങ്ങളുടെ തുടക്കം. ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ ഉത്തരവ് പുറത്തിറങ്ങുകയും കോഴിക്കോട് ഡി.എം.ഒ. സ്ഥാനത്ത് നിന്ന് ഡോ. രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടേററ്റില്‍ അഡീഷണല്‍ ഡയറക്ടറായി ഈ മാസം ആദ്യം സ്ഥലം മാറ്റുകയും ചെയ്തിരുന്നു. പകരം എറണാകുളം ഡി.എം.ഒ. ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട് ഡി.എം.ഒ. ആയി സ്ഥലം മാറ്റുകയും ചെയ്തു.

എന്നാല്‍, രണ്ടു ദിവസത്തിന് ശേഷം കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലില്‍നിന്ന് സ്ഥലംമാറ്റത്തില്‍ സ്റ്റേ വാങ്ങിയ രാജേന്ദ്രന്‍ ഡി.എം.ഒ. ആയി തുടർന്നു. അവധിയില്‍ പ്രവേശിച്ച ആശാദേവി സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത നടപടി ട്രൈബ്യൂണല്‍ പിന്‍വലിച്ചെന്നറിഞ്ഞാണ് ഓഫീസിലെത്തിയത്. എന്നാല്‍ ജോലിയില്‍നിന്ന് മാറണം എന്ന ഉത്തരവ് കിട്ടിയില്ലെന്നു പറഞ്ഞാണ് ഡോ. രജേന്ദ്രന്‍ സ്ഥാനത്ത് തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!