ലൈഫ് മിഷന്:കേരളത്തിന്റെ ഹര്ജിയില് നോട്ടീസ്, അന്വേഷിച്ചാലല്ലേ സത്യം കണ്ടെത്താനാകൂ-സുപ്രീം കോടതി

ന്യൂഡൽഹി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കേസിലെ സിബിഐ അന്വേഷണത്തിനെതിരേ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സിബിഐ ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് ആണ് കോടതി നോട്ടീസ് അയച്ചത്. സിബിഐ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയിലും കോടതി നോട്ടീസ് അയച്ചു. നാല് ആഴ്ചയാണ് നോട്ടീസിന് മറുപടി നൽകാൻ കോടതി എതിർകക്ഷികൾക്ക് സമയം അനുവദിച്ചിരിക്കുന്നത്.
ഞങ്ങളുടേത് കമ്യുണിസ്റ്റ് സർക്കാർ, ഇത് ഫെഡറലിസവും ആയി ബന്ധപ്പെട്ട വിഷയം – കേരളം
ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണം ഫെഡറലിസവുമായി ബന്ധപ്പെട്ട വിഷയമാണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെ. വി വിശ്വനാഥ് വാദിച്ചു. സംസ്ഥാന സർക്കാരിന്റെ അനുമതി ഇല്ലാതെ സിബിഐയും എൻഐഎയും പോലുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണത്തിനായി സംസ്ഥാനങ്ങളിൽ എത്തുന്നത് ഗൗരവമേറിയ വിഷയമാണ്. ഇക്കാര്യം കോടതി പരിഗണിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.
പദ്ധതിക്ക് വിദേശ സംഭാവന സംസ്ഥാന സർക്കാരോ ലൈഫ് മിഷനോ വാങ്ങിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. കരാറുകാരായ യൂണിടാകാണ് പണം സ്വീകരിച്ചതെന്ന് ഹൈക്കോടതി വിധിയിൽ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സർക്കാരോ ലൈഫ് മിഷനോ വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ല. ഉദ്യോഗസ്ഥർ പണം വാങ്ങിയെന്ന ആരോപണം അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണ്. അത് സംസ്ഥാന വിജിലൻസ് അന്വേഷിക്കുന്നുണ്ട്. അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണത്തിന് സിബിഐ സംസ്ഥാന സർക്കാരിന്റെ അനുമതി വാങ്ങണം. പൊതു അനുമതിയുണ്ടെന്നാണ് സിബിഐയുടെ വാദമെങ്കിലും അതു പിൻവലിച്ചിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു.
കോൺഗ്രസ് എംഎൽഎ അനിൽ അക്കര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കേസ്. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് കേസ് റെജിസ്റ്റർ ചെയ്തത്. ഇത് സുപ്രീം കോടതി വിധികളുടെ ലംഘനമാണെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെ വി വിശ്വനാഥും സ്റ്റാന്റിങ് കോൺസൽ ജി. പ്രകാശും വാദിച്ചു.
സർക്കാർ പദ്ധതി എന്ന നിലയിൽ അല്ലേ യൂണിടാക്കിന് പണം ലഭിച്ചത് ? സുപ്രീം കോടതി
സർക്കാർ പരിപാടി ആയതിനാലല്ലേ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്ക് വിദേശത്ത് നിന്ന് പണം ലഭിച്ചതെന്ന് വാദത്തിനിടയിൽ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ആരാഞ്ഞു. നിലവിൽ സിബിഐ അന്വേഷണം ആരംഭിച്ചിട്ടല്ലേ ഉള്ളു? അന്വേഷണം പൂർത്തിയായാൽ അല്ലേ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ കഴിയുകയുള്ളുവെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് അശോക് ഭൂഷൺ ആരാഞ്ഞു.
സി ബി ഐ അന്വേഷണം തുടരുമോ?
ലൈഫ് മിഷൻ പദ്ധതിക്ക് എതിരായ സിബിഐ അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല. എന്നാൽ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അപേക്ഷയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സാധാരണ ഗതിയിൽ കോടതി നോട്ടീസ് അയച്ചാൽ അതിൽ തീരുമാനം ഉണ്ടാകുന്നത് വരെ അന്വേഷണം മരവിപ്പിച്ച് നിർത്താറാണ് പതിവ്.
സമീപകാലത്ത് രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടുന്ന പ്രമാദമായ ഭൂരിപക്ഷം കേസുകളിലും നോട്ടീസ് ലഭിക്കുന്നതിന് മുമ്പ് സിബിഐയുടെ അഭിഭാഷകർ ഹാജരായി അതിനെ ശക്തമായി എതിർക്കാറാണ് പതിവ്. എന്നാൽ ലൈഫ് മിഷൻ കേസിൽ ആദ്യ ദിവസം സി ബി ഐ അഭിഭാഷകർ കോടതിയിൽ ഹാജരായില്ല. നോട്ടീസ് ലഭിച്ച ശേഷം മാത്രം ഹാജരായാൽ മതി എന്നതിനാൽ സാങ്കേതികമായി സി ബി യുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായി എന്ന് പറയാൻ കഴിയില്ല എന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ലൈഫ് മിഷൻ ഹർജിക്ക് തൊട്ട് പിന്നാലെ കോടതി പരിഗണിച്ച കേസിൽ കേന്ദ്ര സർക്കാരിന്റെ മുതിർന്ന അഭിഭാഷകർ ഹാജരാകുകയും ചെയ്തിരുന്നു.

