KSDLIVENEWS

Real news for everyone

ബേഡഡുക്ക പഞ്ചായത്തിൽ ഇരുപതിലേറെ നരിമടകൾ; പുലിശല്യം കൂടാൻ കാരണം നരിമടകളെന്ന് വിലയിരുത്തൽ

SHARE THIS ON

കൊളത്തൂർ: ബേഡഡുക്ക പഞ്ചായത്തിലെ പലഭാഗങ്ങളിലും പുലിക്ക് താമസിക്കാൻ പറ്റിയ ‘നരിമട’കൾ ഒട്ടേറെ. കുന്നിൻ ചെരുവുകളിലെ സ്വാഭാവിക ഗുഹകളാണ് നാട്ടുകാർക്കിടയിൽ നരിമടകൾ എന്ന പേരിൽ അറിയപ്പെടുന്നത്.ഇത്തരം ഒരു ഗുഹയിൽ പുലിസാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് അതിനു മുന്നിൽ വച്ച കൂട്ടിലാണ് ആവലുങ്കാലിൽ പുലി കുടുങ്ങിയത്. ആവലുങ്കാലിലെ മധുസൂദനന്റെ സ്ഥലത്തുള്ള ഈ ഗുഹയിൽ 2 പുലികൾ തമ്പടിച്ചതായാണ് വനംവകുപ്പിന്റെ നിരീക്ഷണ ക്യാമറയിൽ കണ്ടെത്തിയത്. അതിനു ശേഷമാണ് കൂട് സ്ഥാപിച്ചത്.ഇതിന്റെ തൊട്ടടുത്ത് തന്നെ സമാനമായ മറ്റൊരു ഗുഹ കൂടിയുണ്ട്.

പ്രവേശന കവാടം ചെറിയതാണെങ്കിലും അകത്ത് വിശാലമായി പരന്നുകിടക്കുന്നതാണ് ഈ ഗുഹകൾ. മഴവെള്ളം ഒഴുകി സ്വാഭാവികരീതിയിൽ രൂപപ്പെട്ട ഇത്തരം ഗുഹകളിൽ പണ്ടുകാലത്ത് പുലികൾ കഴിഞ്ഞിരുന്നതിനാലാണ് ഇതിനു നരിമട എന്ന പേരു വീഴാൻ കാരണം. ആവലുങ്കാലിനു സമീപം പുലിക്കോംതൊട്ടി എന്ന സ്ഥലം തന്നെയുണ്ട്. ബേഡഡുക്ക പഞ്ചായത്തിന്റെ പലഭാഗങ്ങളിലായി ഇത്തരത്തിലുള്ള ചെറുതും വലുതുമായ ഇരുപതിലേറെ നരിമടകളുണ്ടെന്നാണ് കണക്ക്. ഇതൊക്കെയും പുലിക്ക് താമസിക്കാൻ പറ്റിയ സ്ഥലങ്ങളാണ്. 

കൊളത്തൂർ മടന്തക്കോട് പുലി മാളത്തിൽ കുടുങ്ങിയതിനു പിന്നാലെ വനംവകുപ്പ് നടത്തിയ പരിശോധനയിൽ ഇത്തരം ഗുഹകൾ കണ്ടെത്തുകയും ചെയ്തിരുന്നു. വനംവകുപ്പിനെ സംബന്ധിച്ച് പുലിയെ പിടിക്കാൻ ഇവ സഹായകരവുമാണ്. ഇത്തരം ഗുഹയ്ക്കു സമീപം കൂട് സ്ഥാപിച്ചാൽ ഇനിയും പുലികളെ പിടികൂടാൻ സാധിക്കുമെന്ന് കഴിഞ്ഞ ദിവസത്തെ അനുഭവം വ്യക്തമാക്കുന്നു. സ്വകാര്യ സ്ഥലങ്ങൾ ആയതിനാൽ മറ്റു നിയമപ്രശ്നങ്ങളുമില്ല. വനമേഖല ഇല്ലാത്ത ബേഡഡുക്ക പഞ്ചായത്തിൽ പുലിശല്യം രൂക്ഷമാകാനുള്ള പ്രധാന കാരണവും ഇത്തരം നരിമടകളാണെന്നാണ് ഒരു വിലയിരുത്തൽ. ഇവയുടെ പ്രവേശന ഭാഗം കല്ലിട്ടോ മറ്റോ അടച്ചാൽ പുലികൾ മറ്റു സ്ഥലങ്ങളിലേക്കു നീങ്ങാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!