ദല്ലാള്‍ ഇടപെട്ടു; ചെന്നിത്തലയുടെ കൂടെ മുമ്പും ഇപ്പോഴും ഉള്ളവര്‍ ഗൂഢാലോചന നടത്തി- മുഖ്യമന്ത്രി

കൊല്ലം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ വലിയ ഗൂഢാലോചന നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദല്ലാളിന്റെ ഇടപെടലുണ്ടായ ഗൂഢാലോചനയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കൂടെ ഇപ്പോഴുള്ളവർക്കും മുൻപുള്ളവർക്കും പങ്കുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. തന്റെ ഓഫീസിനെ കളങ്കിതമാക്കാൻ കഴില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഗൂഢാലോചനകൾ തെളിയുമെന്നും വ്യക്തമാക്കി.
ആഴക്കടൽ കരാർ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയെന്ന ആരോപണത്തിൽ പ്രതികരിക്കവെയാണ് മുഖ്യമന്ത്രി തുറന്നടിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊല്ലത്തെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാത്തിനും മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴയ്ക്കുകയാണ്. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ ഒന്നും പറയുന്നില്ലെങ്കിലും തുടക്കം മുതൽ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഭയങ്കരകാര്യമല്ലേ പുറത്തുവന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ഇന്നത്തെ കാലത്ത് ഒന്നും അത്ര രഹസ്യമല്ലെന്ന് എല്ലാവരും മനസ്സിലാക്കണം. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി മേഖല, തീരദേശം വലിയ തോതിൽ സർക്കാർ നടപടികളെ അനുകൂലിക്കുന്നു. ഇത് തങ്ങൾക്കുളള ഒരു വോട്ട് ബാങ്കിന്റെ നിര നഷ്ടപ്പെട്ടുപോകുകയാണെന്ന ആശങ്ക ഒരു കൂട്ടർക്കുണ്ടാക്കുന്നു. മത്സ്യത്തൊഴിലാളികൾ നല്ല നിലയ്ക്ക് വികാരപരമായി ചിന്തിക്കുന്നവരാണ്. അവരുടെ ജീവിതപ്രശ്നമാണ് ഇത്. കടലിന്റെ അവകാശവുമായി ബന്ധപ്പെട്ട് സർക്കാർ തെറ്റായ നടപടി സ്വീകരിക്കുന്നു എന്ന ബോധ്യം അവർക്കിടയിൽ ഉണ്ടാക്കിയാൽ വലിയ വികാരം ഉണ്ടാകും. ഇതിന് വേണ്ട ഗൂഢാലോചന ആദ്യം അരങ്ങേറിയിരുന്നു. ഇതിൽ ദല്ലാൾ എന്ന പേരിലറിയപ്പെടുന്ന ആളടക്കം ഇടപെട്ടുവെന്നാണ് കേൾക്കുന്നത്. ഇങ്ങനെയാണ് ഗൂഢ പദ്ധതി തയ്യാറാക്കി മുന്നോട്ടുപോയത്.
ഗൂഢാലോചനയിൽ ഇപ്പോൾ പ്രതിപക്ഷ നേതാവിന്റെ കൂടെയുള്ള ആളും നേരത്തെ ഉള്ള ആളും പങ്കുവഹിച്ചുകൊണ്ടാണ് കാര്യങ്ങൾ നടത്തിയത്. ഈ പറയുന്ന മഹാൻ മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുന്നതിൽ അയാൾ ഇരിക്കുന്ന പദവി പ്രകാരം തെറ്റില്ല.ഔദ്യോഗിക പദവിയിൽ ഇരിക്കുന്ന ഒരാൾ അഡീഷണൽ സെക്രട്ടറിയെ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ അപാകതയൊന്നുമില്ല. പക്ഷേ ബന്ധപ്പെട്ടത് ദുരുദ്ദേശത്തോടെയാണ്. ഇങ്ങനെയാണ് കാര്യങ്ങൾ എന്ന് ഈ മഹാൻ അറിയിക്കുകയാണ്. അപ്പോൾ ഒരു സ്വാഭാവിക മറുപടി കൊടുക്കുമല്ലോ, അതാണ് രേഖ എന്ന് പറയുന്നത്. അതുകൊണ്ടൊന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ കളങ്കിതമാക്കാൻ ആകില്ല’ മുഖ്യമന്ത്രി പറഞ്ഞു.കേരള ഷിപ്പിങ് ആൻഡ് ഇൻലൻഡ് നാവിഗേഷൻ കോർപ്പറേഷൻ എംഡി എൻ.പ്രശാന്തിനേയാണ് മുഖ്യമന്ത്രി മഹാൻ എന്ന് വിശേഷിപ്പിച്ചത്. പ്രശാന്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച മുഖ്യമന്ത്രി ഗൂഢാലോചനയുടെ കൂടുതൽ തെളിവുകൾ പുറത്തുവരുന്നുണ്ടെന്നും പറഞ്ഞു.

