രോഗികള്‍ കുതിച്ചുയരുന്നു; ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയേക്കും

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് രാജ്യതലസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും. കോവിഡ് കേസുകളുടെ അഭൂതപൂർവ്വമായ കുതിച്ചു ചാട്ടത്തിൽ ഡൽഹിയിലെ ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ താറുമാറായി കിടക്കുന്ന സ്ഥിതിയിൽ ലോക്ഡൗൺ നീട്ടുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
ലോക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് ഡൽഹി ദുരന്ത നിവാരണ അതോറിറ്റി ഇന്ന് ഉത്തരവിറക്കിയേക്കും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തിങ്കളാഴ്ച വരെ ആറു ദിവസത്തേക്കാണ് കഴിഞ്ഞ ആഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചത്.
‘ഞങ്ങൾ ഇപ്പോൾ ഒരു ലോക്ഡൗൺ പ്രഖ്യാപിച്ചില്ലെങ്കിൽ നമ്മൾ ഒരു വലിയ വിപത്തിനെ അഭിമുഖീകരിച്ചേക്കാം. സർക്കാർ നിങ്ങളെ പൂർണമായി പരിപാലിക്കും. സാഹചര്യം കണക്കിലെടുത്ത് ഞങ്ങൾ ഈ കടുത്ത തീരുമാനമെടുത്തു’ ലോക്ഡൗൺ പ്രഖ്യാപിച്ചുകൊണ്ട് കെജ്രിവാൾ പറയുകയുണ്ടായി.
ഓക്സിജൻ പ്രതിസന്ധി രൂക്ഷമായി ഡൽഹിയിലെ ആശുപത്രികളിൽ കൂട്ടമരണങ്ങൾക്കു വഴിവെച്ചതോടെ സംസ്ഥാനങ്ങളോട് സഹായം അഭ്യർഥിച്ചിരുന്നു അരവിന്ദ് കെജ്രിവാൾ.
മെഡിക്കൽ ഓക്സിജൻ അധികമുണ്ടെങ്കിൽ ഡൽഹിക്ക് നൽകണമെന്ന് അഭ്യർഥിച്ച് അദ്ദേഹം മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. കേന്ദ്രസർക്കാർ സഹായിക്കുന്നുണ്ടെങ്കിലും അതൊന്നും തികയാത്ത തരത്തിലുള്ള കോവിഡ് പ്രതിസന്ധിയാണുള്ളതെന്നും കെജ്രിവാൾ വ്യക്തമാക്കി.
ഓക്സിജൻ പ്ലാന്റുകളുടെ ചുമതല സൈന്യം ഏറ്റെടുക്കണമെന്നും വിതരണം തടസ്സപ്പെടാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്നും വെള്ളിയാഴ്ച പ്രധാനമന്ത്രിയുമായുള്ള യോഗത്തിൽ കെജ്രിവാൾ അഭ്യർഥിച്ചിരുന്നു.
അടിയന്തരമായി ഓക്സിജൻ ആവശ്യപ്പെട്ട് ശനിയാഴ്ചയും വിവിധ ആശുപത്രികൾ ഹൈക്കോടതിയെ സമീപിച്ചു. ഒരാഴ്ചയ്ക്കിടെ 1.77 ലക്ഷത്തിലേറെ രോഗികളും 1500-ലേറെ മരണവും രാജ്യതലസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രതിദിനമരണം തുടർച്ചയായി 300 കടന്നു

