ബാഗ്ദാദിലെ കോവിഡ് ചികിത്സാകേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 23 പേര് മരിച്ചു

ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ കോവിഡ് ചികിത്സാകേന്ദ്രത്തിൽ ഉണ്ടായ തീപ്പിടിത്തത്തിൽ 23 പേർ മരിച്ചതായി റിപ്പോർട്ട്. ഇബ്ൻ-അൽ-ഖാത്തിബ് ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലാണ് ഞായറാഴ്ച തീപ്പിടിത്തമുണ്ടായത്. ഓക്സിജൻ സിലിണ്ടറുകൾ സൂക്ഷിക്കുന്നതിൽ വന്ന പിഴവാണ് അപകടകാരണമെന്ന് മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചതായി എഎഫ്പി റിപ്പോർട്ടിൽ പറയുന്നു. അമ്പതോളം പേർക്ക് പരിക്കേറ്റു.
വർഷങ്ങളായി തുടരുന്ന സംഘർവും കുറഞ്ഞ നിക്ഷേപവും മൂലം ഇറാഖിലെ ആരോഗ്യമേഖല തികച്ചും അപര്യാപ്തമായ നിലയിലാണ്. ആശുപത്രികളിൽ ആവശ്യമായ മരുന്നുകളോ കിടക്കകളുൾപ്പെടെയുള്ള ചികിത്സാസൗകര്യങ്ങളോ ഇല്ല. ബുധനാഴ്ച കോവിഡ് ബാധിതരുടെ എണ്ണം പത്ത് ദശലക്ഷം കടന്നതോടെ അറബിനാടുകളിൽ ഏറ്റവുമധികം രോഗികളുള്ള രാജ്യമായി ഇറാഖ് മാറുകയും ചെയ്തു. കോവിഡ് രോഗികളുടെ ദിനംപ്രതിയുള്ള വർധനവ് രാജ്യത്തിന്റെ ആരോഗ്യമേഖലാപ്രവർത്തനങ്ങളെ താറുമാറാക്കിയിരിക്കുകയാണ്.
ഗുരുതരകോവിഡ് രോഗികൾക്കായി നീക്കി വെച്ച ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ മുപ്പതോളം പേർ ചികിത്സയിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. രോഗികളുടെ ബന്ധുക്കളും അപകടസ്ഥലത്തുണ്ടായിരുന്നു. തീപ്പിടിത്തം ആശുപത്രിയുടെ വിവിധ നിലകളിലേക്ക് വ്യാപിച്ചതോടെ രോഗികളും അവരുടെ ബന്ധുക്കളും രക്ഷപ്പെടാൻ ശ്രമിക്കുന്നതും അഗ്നിരക്ഷാസേന തീയണക്കാൻ ശ്രമിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

