KSDLIVENEWS

Real news for everyone

കുറ്റ്യാടി സ്വദേശികള്‍ കര്‍ണാടകത്തില്‍ നേരിട്ടത് സിനിമയെ വെല്ലും കഥ, വാടകയ്ക്ക് നല്‍കിയ കാറുമായി കടന്നവനെ തേടിപ്പോയി, രണ്ട് കാറും പണവും നഷ്ടപ്പെട്ടു, ഒപ്പം ക്രൂര മര്‍ദ്ദനവും

SHARE THIS ON

കുറ്റ്യാടി: വാടകയ്ക്ക് നല്‍കിയ കാറുമായി കടന്നതിനെ തുടര്‍ന്ന് തിരികെ വാങ്ങാന്‍ പോയ കായക്കൊടി സ്വദേശികള്‍ക്ക് കര്‍ണാടകത്തില്‍ വെച്ച്‌ ക്രൂരമര്‍ദ്ദനമേറ്റതായി പരാതി. വാഹന ഉടമ തളീക്കര അമ്മച്ചൂര്‍ രജീഷ്‌കുമാര്‍ (35), സുഹൃത്തുക്കളായ അഖില്‍ കുറ്റ്യാടി, നിശാന്ത്, വിജേഷ് തളീക്കര, സരുണ്‍ തളീക്കര എന്നിവര്‍ക്കാട് കര്‍ണാടകയിലെ കൊടകില്‍ വച്ച്‌ മര്‍ദ്ദനമേറ്റത്. ഇക്കഴിഞ്ഞ 9ന് രജീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 18 ഡി 7729 ഇന്നോവ കാര്‍ ആശുപത്രി ആവശ്യം പറഞ്ഞ് നാട്ടുകാരനായ ഫാരിസ് കുനിയില്‍ എന്നയാളാണ് വാടകയ്ക്ക് വാങ്ങിയത്. രണ്ട് ദിവസം കഴിഞ്ഞിട്ടും കാര്‍ തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ഫാരിസിനെ ഫോണ്‍ മുഖാന്തരവും മറ്റും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല.

ഫോണ്‍ ഓഫാക്കിയതിനാല്‍ നേരിട്ട് വീട്ടില്‍ അന്വേഷിച്ചപ്പോള്‍ ആറുമാസമായി വീട്ടില്‍ വരാറില്ലെന്നയിരുന്നു ലഭിച്ച മറുപടി. ഇതേ തുടര്‍ന്ന് വാഹനത്തിലെ ജി.പി.എസ് സംവിധാനം ഉപയോഗിച്ച്‌ അന്വേഷിച്ചപ്പോള്‍ കാര്‍ കര്‍ണാടക്കിലെ കൊടക് കുഞ്ഞില എന്ന സ്ഥലത്താണെന്ന് കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തില്‍ രജീഷും നാല് സുഹൃത്തുക്കളും ചേര്‍ന്ന് 17ന് കെ.എല്‍. 18 എ 2456 എന്ന സ്വിഫ്റ്റ് കാറില്‍ കൊടകിലേക്ക് പുറപ്പെടുകയായിരുന്നു. അന്നേദിവസം രാത്രി 12ഓടെ നഷ്ടപ്പെട്ട ഇന്നോവ കാര്‍ കണ്ടെത്തി. എന്നാല്‍ കാറില്‍ അപരിചിതരായ അഞ്ച്പേരെയാണ് കണ്ടെത്താനായത്. അവരോട് നിജസ്ഥിതി വ്യക്തമാക്കിയെങ്കിലും അംഗീകരിച്ചില്ലെന്ന് മാത്രമല്ല രജീഷിനെയും കൂട്ടുകാരെയും ഭീഷണിപ്പെടുത്തുകയുമാണുണ്ടായത്. ഫലമില്ലെന്ന് വ്യക്തമായതോടെ രജീഷും സുഹൃത്തുക്കളും നാട്ടിലേക്ക് തിരിച്ചു.

എന്നാല്‍ പത്ത് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ വഴിമധ്യേ രണ്ട് ഇന്നോവ കാറുകളിലെത്തിയ സംഘം രജീഷിന്റെ കാറിന് കുറുകെ വന്ന് ബ്ലോക്കിട്ട് മാര്‍ഗതടസം സൃഷ്ടിച്ചു. പിന്നാലെ കാറിന് നേരെ വെടിയുതിര്‍ക്കുകയും രജീഷിനെയും സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തോക്കിന് പുറമെ വടിവാളും മറ്റു മാരകായുധങ്ങളുമായെത്തിയ സംഘം രജീഷിനെയും കൂട്ടുകാരെയും അവരുടെ വാഹനത്തില്‍ കയറ്റി മറ്റൊരിടത്തേക്ക് കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിക്കുകയും പിന്നീട് വഴിയരികില്‍ ഉപേക്ഷിച്ച്‌ കടന്നുകളയുകയുമായിരുന്നു.

ഇതിനിടെ തലക്കും നെറ്റിയിലും ക്രൂരമര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് രജീഷിന്റെ ബോധം നഷ്ടപ്പെട്ടിരുന്നു. കൂടെയുള്ളവരും അവശനിലയിലായിരുന്നു. ഇവരുടെ ഫോണ്‍, പേഴ്സ്, സുഹൃത്തിന്റെ 62000 രൂപ എന്നിവ അപഹരിച്ചാണ് സംഘം കടന്നുകളഞ്ഞത്. എ.ടി.എം കാര്‍ഡ്, ഡ്രൈവിങ് ലൈസെന്‍സ് ഉള്‍പ്പെടെ വിലപിടിപ്പുള്ള രേഖകള്‍ അടങ്ങിയ പേഴ്സാണ് അപഹരിച്ചത്.

അതേസമയം സംഭവത്തില്‍ കര്‍ണാടക പൊലിസില്‍ പരാതി നല്‍കിയാല്‍ അതിര്‍ത്തി കടക്കും മുന്‍പ് കൊല്ലുമെന്ന ഭീഷണി ഉള്ളതിനാല്‍ അവിടെ പരാതി കൊടുക്കാതെ നാട്ടിലെത്തിയാണ് പരാതി നല്‍കിയത്. അക്രമിസംഘം കാര്‍ കൈക്കലാക്കിയതിനാല്‍ രജീഷ്‌കുമാറും സുഹൃത്തുക്കളും ബസ് മാര്‍ഗം തലശ്ശേരി വഴിയാണ് നാട്ടിലെത്തിയത്. പരുക്കേറ്റ അഞ്ചുപേരും കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

കൂട്ടത്തില്‍ ചെവിക്ക് പരുക്കേറ്റ അഖില്‍ എന്നയാള്‍ക്ക് ശസ്ത്രക്രിയ വേണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ തൊട്ടില്‍പ്പാലം സി.ഐക്ക് പരാതി നല്‍കിയെങ്കിലും സ്വീകരിച്ചില്ലെന്ന് രജീഷ്‌കുമാര്‍ പരാതി പറഞ്ഞു. ഇതേതുടര്‍ന്ന് ഉത്തരമേഖല ഐജിക്കാണ് പരാതി നല്‍കിയത്. അതേസമയം പരാതി സ്വീകരിച്ചില്ലെന്ന് പറഞ്ഞത് തെറ്റാണെന്നും പരാതി സ്വീകരിക്കുകയും കൊടക് പൊലിസുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് തൊട്ടില്‍പ്പാലം സി.ഐ ടി.രജീഷ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!