സ്വീകരണങ്ങൾ ഏറ്റുവാങ്ങി വന്ദേഭാരത് ജില്ലയിലെത്തും; ഒരുക്കങ്ങൾ പൂർത്തിയായി

കാസർകോട് ∙ ഉദ്ഘാടനത്തിനു ശേഷം ഇന്നു രാത്രി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനെത്തുമ്പോൾ സ്വീകരിക്കാനൊരുങ്ങി കാസർകോട്. ഇന്നലെ പാലക്കാട് ഡിവിഷനിൽ നിന്ന് എഡിആർഎം ഉൾപ്പെടെയുള്ളവർ ഇന്നലെ കാസർകോട് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തി.
ഇന്നു രാവിലെ തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ശേഷം 15 സ്റ്റേഷനുകളിലെ സ്വീകരണം ഏറ്റു വാങ്ങിയാകും വന്ദേഭാരത് കാസർകോടെത്തുന്നത്. മൂന്നാം പ്ലാറ്റ്ഫോം അലങ്കരിച്ച് സ്വീകരണം ഒരുക്കും. വൈകിട്ട് 7നു ശേഷം കലാപരിപാടികൾ ഉൾപ്പെടെ നടക്കും. എംപി, എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.

ഇന്നു രാത്രി വന്ദേഭാരത് ട്രെയിനെത്തുന്ന കാസർകോട് റെയിൽവേ സ്റ്റേഷനിലെ 3ാം പ്ലാറ്റ്ഫോമിൽ റെയിൽവേ അധികൃതർ നവീകരണ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ
രാത്രി 9.15ന് കാസർകോടെത്തുമെന്നാണു കരുതുന്നത്. വന്ദേഭാരത് എത്തുമ്പോൾ കാസർകോട് മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ അടിസ്ഥാന സൗകര്യങ്ങളെല്ലാം റെയിൽവേ അധികൃതർ ഒരുക്കിക്കഴിഞ്ഞു. വെള്ളിയാഴ്ച മുതൽ ഉച്ചയ്ക്ക് ട്രെയിനെത്തുമ്പോൾ ശുചീകരണവും വെള്ളം നിറയ്ക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവിടെത്തന്നെ ക്രമീകരിക്കും.
ഇന്നു രാത്രി തിരികെ കണ്ണൂരിലേക്ക്
രാത്രി 9.15ന് കാസർകോടെത്തുന്ന ട്രെയിൻ 10.30ന് കണ്ണൂരിലേക്കു പോകും. ഇന്നു രാത്രി ട്രെയിൻ നിർത്തിയിടുന്നത് കണ്ണൂരിലായിരിക്കും. ഒട്ടേറെ ജീവനക്കാർ ട്രെയിനിലുണ്ട്. അവർക്കെല്ലാം താമസ സൗകര്യമൊരുക്കുന്നതിന് കാസർകോട് അസൗകര്യങ്ങളുണ്ട്. കാസർകോട് 3ാം പ്ലാറ്റ്ഫോം പുറത്തെ റോഡരികിലാണ്.
അതിനാൽ സുരക്ഷാ ക്രമീകരണങ്ങളൊരുക്കാനും പ്രയാസമാണ്. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് ഇന്ന് കണ്ണൂരിലേക്കു തിരികെ പോകുന്നത്. നാളെ ഉച്ചയോടെ കണ്ണൂരിൽ നിന്ന് ട്രെയിൻ കാസർകോടെത്തും. വെള്ളിയാഴ്ച മുതൽ പകൽ സമയം ഒരു മണിക്കൂർ മാത്രമാണ് വന്ദേഭാരതിനു കാസർകോട് സ്റ്റോപ്പുള്ളത്.
കാസർകോട് നിന്നുള്ള നിരക്ക് ടേബിൾ
(ചെയർകാർ, എക്സിക്യൂട്ടിവ് എന്ന ക്രമത്തിൽ)
∙കണ്ണൂർ 445, 840
∙കോഴിക്കോട് 625, 1195
∙ഷൊർണൂർ 775, 1510
∙തൃശൂർ 825, 1600
∙എറണാകുളം 940, 1845
∙കോട്ടയം 1250, 2270
∙കൊല്ലം 1435, 2645
∙തിരുവനന്തപുരം 1520, 2815
യാത്രക്കാർക്ക് ആദ്യ സർവീസ് നാളെ
കാസർകോട് നിന്നാണ് യാത്രക്കാർക്കായുള്ള ആദ്യ സർവീസ് തുടങ്ങുന്നത്. മികച്ച പ്രതികരണമാണ് ആദ്യ ദിവസങ്ങളിൽ. മേയ് 1 വരെയുള്ള ദിവസങ്ങളിലെ എക്സിക്യൂട്ടിവ് ടിക്കറ്റ് വിറ്റഴിഞ്ഞു. നാളെ ഉച്ചയ്ക്ക് 2.30നാണ് ആദ്യ സർവീസ്. കാസർകോട് നിന്നു മാത്രം 400ലേറെ യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. മികച്ച പ്രതികരണമാണു യാത്രക്കാരുടെ ഭാഗത്തു നിന്നുള്ളതെന്നു റെയിൽവേ അധികൃതർ പറഞ്ഞു.

