വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസില്ല, രോഗി മരിച്ചു; വിദഗ്ധ ചികിത്സ വൈകിയത് മൂന്ന് മണിക്കൂർ

അട്ടപ്പാടി: അട്ടപ്പാടിയിലെ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് സേവനം ഇല്ലാത്തതിനെത്തുടർന്ന് ചികിത്സ വൈകിയ യുവാവ് മരിച്ചു. അട്ടപ്പാടി സ്വദേശി ഫൈസലാണ് മരിച്ചത്.
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ രണ്ട് ആംബുലൻസുകൾ ഉണ്ടായിരുന്നുവെങ്കിലും പ്രവർത്തനരഹിതമായിരുന്നു. തുടർന്ന് ഒറ്റപ്പാലത്തുനിന്ന് ആംബുലൻസ് എത്തിച്ചാണ് യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയത്. എന്നാൽ ആംബുലൻസ് എത്തിയപ്പോഴേക്കും മൂന്നു മണിക്കൂറോളം വൈകിയിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽ മണ്ണയിലേക്കുള്ള യാത്രയിൽ മണ്ണാർക്കാട് എത്തിയപ്പോഴേക്കും രോഗിയുടെ സ്ഥിതി അതീവഗുരുതരമായി. തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അപ്പോഴേക്കും രോഗി മരിച്ചിരുന്നു.
ഓട്ടോ തൊഴിലാളിയായിരുന്ന ഫൈസലിന്റെ ഓട്ടോയ്ക്ക് മുകളിൽ മരത്തിൽ നിന്ന് ഒരു ഭാഗം അടർന്നു വീണ് ഗുരുതരമായ പരിക്കേറ്റിരുന്നു. തുടർന്ന് ട്രൈബൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ പരിചരണം നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഡോക്ടർമാർ ഇയാളെ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചു. എന്നാൽ അദ്ദേഹത്തെ മാറ്റാൻ ആവശ്യമായ സൗകര്യങ്ങളടങ്ങിയ ആംബുലൻസ് ആശുപത്രിയിൽ ഉണ്ടായിരുന്നില്ല.

