KSDLIVENEWS

Real news for everyone

നെതന്യാഹുവിന്റെ സന്ദർശനം: യു.എസ് പാർലമെന്റിന് മുന്നിൽ കൂറ്റൻ ഫലസ്തീൻ അനുകൂല പ്രക്ഷോഭം

SHARE THIS ON

വാഷിങ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു യു.എസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുമ്പോൾ യു.എസ് പാർലമെന്റ് മന്ദിരത്തിന് മുന്നിൽ കൂറ്റൻ ഫലസ്തീൻ അനുകൂല പ്രക്ഷോഭം. ഇസ്രായേലിന് സൈനിക സഹായം നൽകുന്നത് നിർത്തണമെന്നാവശ്യപ്പെട്ടായിരുന്നു ആയിരക്കണക്കിനാളുകൾ ഫലസ്തീൻ പതാകകളേന്തി സംഘടിച്ചത്. പ്ലക്കാർഡുകളും ബാനറുകളുമായെത്തിയ പ്രക്ഷോഭകർ നെതന്യാഹുവിനും ഇസ്രായേലിനുമെതിരെ മുദ്രാവാക്യങ്ങളുയർത്തുകയും നെതന്യാഹുവിന്റെ കോലം കത്തിക്കുകയും ചെയ്തു. പൊലീസ് വലയം ഭേദിക്കാൻ ശ്രമിച്ച പ്രക്ഷോഭകർക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗവും ഉണ്ടായി.

ഫലസ്തീനെതിരായ ആക്രമണത്തിനുള്ള പിന്തുണ ശക്തമാക്കൽ കൂടി ലക്ഷ്യമിട്ടാണ് നെതന്യാഹുവിന്റെ യു.എസ് സന്ദർശനം. ഫലസ്തീനികളെ കൊന്നൊടുക്കുന്നതിലുള്ള പ്രതിഷേധം അറിയിച്ചും മുമ്പേ നിശ്ചയിച്ച പരിപാടികൾ ചൂണ്ടിക്കാട്ടിയും ചില അംഗങ്ങൾ നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്‍കരിക്കുമെന്ന് അറിയിച്ചിരുന്നു. വ്യാഴാഴ്ച പ്രസിഡന്റ് ബൈഡനുമായും വൈസ് പ്രസിഡന്റ് കമല ഹാരിസുമായും പ്രത്യേക കൂടിക്കാഴ്ച നടത്തുന്ന നെതന്യാഹു വെള്ളിയാഴ്ച മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെയും കാണുന്നുണ്ട്.

അതേസമയം, ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭത്തിനെതിരെ നെതന്യാഹു യു.എസ് കോ​ൺഗ്രസിൽ സംസാരിക്കെ ശക്തമായ ഭാഷയിൽ പ്രതികരിച്ചു. ‘സ്വവർഗാനുരാഗികളെ ക്രെയിനിൽ തൂക്കിയിടുകയും മുടി മറക്കാത്തതിന്റെ പേരിൽ സ്ത്രീകളെ കൊല്ലുകയും ചെയ്യുന്ന ടെഹ്‌റാനിലെ സ്വേച്ഛാധിപതികൾ നിങ്ങളെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്യുമ്പോൾ, നിങ്ങൾ ഔദ്യോഗികമായി ഇറാന്റെ ഉപയോഗപ്രദമായ വിഡ്ഢികളായി മാറിയിരിക്കുന്നു’ എന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.

ഒമ്പതു മാസമായി തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 40,000ത്തോളം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 90,000ത്തിലധികം പേർക്ക് പരിക്കേറ്റു

error: Content is protected !!