കരിപ്പൂർ വിമാനപകടം
പരുക്കേറ്റ 55 പേർക്ക് എയർഇന്ത്യ ആദ്യഘട്ട നഷ്ടപരിഹാരം
കൊച്ചി | കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍പ്പെട്ടവര്‍ക്ക് എയര്‍ഇന്ത്യ ആദ്യഘട്ട നഷ്ട പരിഹാരം നല്‍കി. 21 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 55 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ നഷ്ടപരിഹാരം നല്‍കിയത്. ബേങ്ക് എക്കൗണ്ട് വഴിയാണ് പണം കൈമാറിയത്.
മരിച്ചവരില്‍ 12 വയസിനു മുകളിലുള്ളവര്‍ക്ക് 10 ലക്ഷം രൂപയും 12 വയസ്സിനു താഴെയുള്ളവര്‍ക്ക് അഞ്ചു ലക്ഷവുമാണ് നല്‍കുക. യാത്രക്കാര്‍ നല്‍കിയ വിലാസത്തില്‍ നിന്നാണ് ബന്ധുക്കളെ കണ്ടെത്തി തുക കൈമാറുന്നത്.
കഴിഞ്ഞ ഏഴിനാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737 വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ ഇതുവരെ 21 പേര്‍ മരിച്ചു. ഇതില്‍ നാല് പേര്‍ 12 വയസ്സിനു താഴെയുള്ളവരാണ്. പരിക്കേറ്റവരില്‍ 25 പേര്‍ ഇപ്പോഴും ആശുപത്രിയിലാണ്. ഇവരുടെ ചികിത്സാ ച്ചെലവുകളും എയര്‍ഇന്ത്യയാണ് വഹിക്കുന്നത്.
പൂര്‍ണ നഷ്ടപരിഹാരം വൈകുമെന്നതിനാല്‍ കേന്ദ്ര നിര്‍ദേശപ്രകാരം അടിയന്തര ഇടക്കാല നഷ്ടപരിഹാരം വേഗത്തിലാക്കുകയായിരുന്നു. പ്രത്യേക വാട്സാപ്പ് നമ്ബറിലൂടെ പരുക്കേറ്റവരുടെ ബേങ്ക് അക്കൗണ്ട്, തിരിച്ചറിയല്‍രേഖകള്‍ ശേഖരിച്ചാണ് തുക കൈമാറിയത്.