യു പിയിൽ
കൊല്ലപ്പെട്ട മാധ്യമപ്രവർത്തകന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് യോഗി സർക്കാർ
ലക്‌നോ| വെടിയേറ്റ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്ത് സംസ്ഥാന സർക്കാർ. ഇന്നലെ രാത്രിയാണ് ബല്ലിയ ജില്ലയിൽ സഹാറ സമയ് ഹിന്ദി ചാനലിലെ മാധ്യമപ്രവർത്തകനായ രത്തൻ സിംഗിനെ അജ്ഞാതർ വെടിവെച്ചു കൊന്നത്.സിംഗിന്‌റെ കുടുംബത്തിന് അനുശോചനം അറിയിച്ച മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് കേസിൽ പിടിയിലായ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി.
അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ യു പി പോലീസ് അറസ്റ്റ് ചെയ്തു. ദിനേശ് സിംഗ്, അരവിന്ദ് സിംഗ്, സുനിൽ സിംഗ്, മോത്തി സിംഗ് എന്നിവരാണ് പിടിയിലായത്. അയൽവാസിയായ ദിനേശ് സിംഗുമായുണ്ടായിരുന്ന സ്വത്ത് തർക്കമാണ് രത്തൻ സിംഗിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ വൈകീട്ട് ഇരുവിഭാഗവും തമ്മിൽ വഴക്കുണ്ടാകുകയും പ്രതി ദിനേശ് സിംഗ് വെടിയുതിർക്കുകയുമായിരുന്നെന്ന് എ ഡി ജി പി അറിയിച്ചു.