മഹാരാഷ്ട്രയിലെ റായ്ഗഡിൽ ഇന്നലെ തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 18 മണിക്കൂറുകൾക്ക് ശേഷം അഞ്ച് വയസ്സുകാരന് പുനർജന്മം
മഹാരാഷ്ട്രയിൽ കെട്ടിടം തകർന്ന് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ അഞ്ച് വയസ്സുകാരൻ പ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടം നടന്ന് 18 മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവർത്തകർ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
റായ്ഗഡ് ജില്ലയിലെ മഹാദിൽ ഇന്നലെ വൈകീട്ടാണ് അഞ്ച് നിലകളുള്ള കെട്ടിടം തകർന്നുവീണത്. തുടർന്ന് മണിക്കൂറുകളായി രക്ഷാപ്രവർത്തനത്തിലേർപ്പെട്ട ദേശീയ ദുരന്ത നിവാരണ സംഘമാണ് അവശിഷ്ടങ്ങൾക്കിടയിൽ കുട്ടിയെ കണ്ടെത്തിയത്. ഗ്യാസ് കട്ടർ, മറ്റ് യന്ത്രങ്ങൾ എന്നിവയുടെ സഹായത്തോടെ കോൺക്രീറ്റ് പാളികൾ നീക്കം ചെയ്ത ശേഷം അകത്തെത്തിയ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരാണ് കുട്ടിയെ രക്ഷപ്പെടുത്തിയതെന്ന് എൻ ഡി ആർ എഫ് ഡെപ്യൂട്ടി കമാൻഡന്റ് അറിയിച്ചു.
രാത്രി മുഴുവൻ അവശിഷ്ടങ്ങൾക്കിടയിൽ തനിച്ചായി പോയ അഞ്ച് വയസ്സുകാരൻ പരിഭ്രാന്തനാണെന്നും കുട്ടിയെ വെദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തകർ പരിശോധന തുടരുകയാണ്. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. ഡോഗ് സ്‌ക്വാഡിനെയും തിരച്ചിലിനായി വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.