തകര്‍പ്പന്‍ ജയവുമായി ഇന്ത്യ; ഓസ്ട്രേലിയയ്ക്കെതിരേ പരമ്പര സ്വന്തമാക്കി

ഇന്ദോര്‍: സീന്‍ അബോട്ടിന്റെ വെടിക്കെട്ടിന് ഓസീസിനെ ജയിപ്പിക്കാനായില്ല. 99 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തോടെ രണ്ടാം ഏകദിനവും പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഓസ്ട്രേലിയയെ 217 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ആധികാരികമായാണ് വിജയിച്ചു കയറിയത്. 400 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയതെങ്കിലും മഴമൂലം അത് 33-ഓവറില്‍ 317 ആയി ചുരുക്കി. 28.2 ഓവറില്‍ 217 റണ്‍സിന് ഓസീസ് പുറത്തായി. കെഎല്‍ രാഹുലിന്റെ നായകത്വത്തിലാണ് ഇന്ത്യ രണ്ട് മത്സരങ്ങളും വിജയിച്ചത്. മൂന്നാം മത്സരത്തില്‍ വിരാട് കോലി, രോഹിത് ശര്‍മ്മ തുടങ്ങിയവര്‍ തിരികെയെത്തും. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ രണ്ടാം ഓവറില്‍ രണ്ട് വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്മായത്. ഓപ്പണര്‍ മാത്യു ഷോര്‍ട്ടും(9) സ്റ്റീവ് സ്മിത്ത്(0) എന്നിവര്‍ നിരാശപ്പെടുത്തി. എന്നാല്‍ ഡേവിഡ് വാര്‍ണര്‍-മാര്‍നസ് ലബുഷെയ്ന് കൂട്ടുകെട്ട് ഓസ്ട്രേലിയയ്ക്ക് പ്രതീക്ഷ നല്കി. മഴ വന്നതോടെ വിജയലക്ഷ്യം 33 ഓവറില്‍ 217 ആയി ചുരുക്കി. പിന്നാലെ ലബുഷെയ്ന്(27), ഡേവിഡ് വാര്‍ണര്‍(53),ജോഷ് ഇംഗ്ലിസ്(6) എന്നിവര്‍ മടങ്ങി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 101-റണ്‍സ് എന്ന നിലയിലായിരുന്നു ഓസീസ്. അലക്സ് കാരി(14), കാമറൂണ്‍ ഗ്രീന്‍(19) എന്നിവര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. എന്നാല്‍ പിന്നീടിറങ്ങിയ സീന്‍ അബോട്ട് വെടിക്കെട്ടുമായി കളം നിറഞ്ഞതോടെ ഇന്ത്യ ആശങ്കയിലായി. 140-8 എന്ന നിലയില്‍ നിന്ന് ഹേസല്‍വുഡുമൊത്ത് അബോട്ട് ടീം സ്കോര്‍ 200-കടത്തി. എന്നാല്‍ ഹേസല്‍വുഡിന്(23) പിന്നാലെ സീന്‍ അബോട്ടിനേയും(54) പുറത്താക്കി ഇന്ത്യ മത്സരവും പരമ്പരയും സ്വന്തമാക്കി. 217 റണ്‍സിന് ഓള്‍ഔട്ടായ ഓസീസ് 99 റണ്‍സിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നാലാം ഓവറില്‍ ഋതുരാജ് ഗെയ്ക്വാദിനെ നഷ്ടമായി. ഹെയിസല്‍വുഡാണ് ഗെയ്ക്വാദിനെ(8) പുറത്താക്കിയത്. പിന്നാലെ ശ്രേയസ് അയ്യരും ശുഭ്മാന്‍ ഗില്ലും ഒന്നിച്ചു. ഓസീസ് ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ ഇരുവരും മികച്ച കൂട്ടുകെട്ടുണ്ടാക്കി. ടീം സ്കോര്‍ 200-കടത്തിയ കൂട്ടുകെട്ട് 216-ല്‍ നില്‍ക്കേയാണ് പിരിഞ്ഞത്. 90-പന്തില്‍ നിന്ന് 105 റണ്‍സെടുത്ത ശ്രേയസ് അയ്യരെ സീന്‍ അബോട്ട് പുറത്താക്കി. പിന്നാലെ ഗില്ലും സെഞ്ചുറി തികച്ചു. 104-റണ്‍സെടുത്ത ഗില്‍ മടങ്ങിയതോടെ കെഎല്‍ രാഹുലും ഇഷാന് കിഷനും സ്കോറുയര്‍ത്തി. ഇരുവരും ചേര്‍ന്ന് സ്കോര്‍ മുന്നൂറ് കടത്തി. 18 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത കിഷനെ അദം സാംപ കൂടാരം കയറ്റി. പിന്നീടിറങ്ങിയ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ടിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ 44-ാം ഓവറില്‍ തുടര്‍ച്ചയായ നാല് സിക്സറുകളടിച്ചാണ് സൂര്യകുമാര്‍ തിളങ്ങിയത്. 38 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത രാഹുല്‍ പുറത്തായെങ്കിലും സൂര്യകുമാര്‍ വെടിക്കെട്ട് തുടര്‍ന്നു. ഒടുവില്‍ 399 റണ്‍സിന് ഇന്ത്യന്‍ ഇന്നിങ്സ് അവസാനിച്ചു. 37 പന്തില്‍ നിന്ന് ആറ് വീതം സ്ക്സറുകളുടേയും ഫോറുകളുടേയും അകമ്പടിയോടെ 72 റണ്‍സെടുത്ത് സൂര്യകുമാര്‍ പുറത്താകാതെ നിന്നു.

