സ്വിറ്റ്സര്‍ലാന്‍ഡിനെതിരെ നെയ്മറും ഡാനിലോയും കളിക്കില്ല; ബ്രസീലിന് കനത്ത തിരിച്ചടി

ദോഹ: ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മറും ഡാനിലോയും സ്വിറ്റ്സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ കളിക്കില്ല. സെര്‍ബിയക്കെതിരായ മത്സരത്തിനിടെ നെയമറിന് കണങ്കാലിനായിരുന്നു പരിക്കേറ്റത്. ഡാനിലോയ്ക്കും കണങ്കാലിനാണ് പരിക്ക്. ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലെസ്മാനാണ് താരങ്ങള്‍ക്ക് അടുത്ത മത്സരം നഷ്ടമാകുമെന്ന കാര്യം അറിയിച്ചത്.
100 ശതമാനം ശാരീരിക ക്ഷമതയോടെ നെയ്മറെ തങ്ങള്‍ക്ക് വേണമെന്ന് സെര്‍ബിയക്കെതിരായ മത്സരത്തില്‍ ബ്രസീലിനായി സ്കോര്‍ ചെയ്ത റിച്ചാലിസണ് പറഞ്ഞു. സെര്‍ബിയന്‍ താരം മിലെന്‍കോവിച്ചിന്റെ ടാക്ലിങ്ങിനിടെയാണ് നെയ്മറിന് കാലിന് പരിക്കേറ്റത്. പിന്നീട് നെയ്മറെ പിന്‍വലിച്ച് ബ്രസീല്‍ ആന്റണിയെ കളത്തിലിറക്കുകയായിരുന്നു.
ഖത്തര്‍ ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ബ്രസീല്‍ എതിരില്ലാത്ത രണ്ടു ഗോളിനാണ് സെര്‍ബിയയെ തോല്പിച്ചത്. മുന്നേറ്റതാരം റിച്ചാലിസന്റെ (62, 73) ഇരട്ടഗോളിന്റെ കരുത്തിലായിരുന്നു ബ്രസീലിന്റെ ജയം.

