KSDLIVENEWS

Real news for everyone

നട്ടുകാരുടെ പ്രിയപ്പെട്ടവൻ ഔഫിന്റെ കൊല ;
കണ്ണീർ തോരാതെ ഒരു പ്രദേശം

SHARE THIS ON

കാഞ്ഞങ്ങാട് : ഡി.വൈ.എഫ്.ഐ / എസ്‌ വൈ എസിന്റെ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹിമാന് നാട് വിട നൽകി. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആസ്‌പത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.

നെഞ്ചിൽ വലതുഭാഗത്തായി എട്ട്‌ സെൻറിമീറ്റർ ആഴത്തിലുള്ള കുത്തേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സി.പി.എം. കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി. കരുണാകരൻ, എം.വി. ഗോവിന്ദൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, കാസർകോട് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി. ജയരാജൻ, കെ.പി. സഹദേവൻ, കെ.പി. സതീഷ് ചന്ദ്രൻ, ടി.വി. രാജേഷ് എം.എൽ.എ. എന്നിവർ ചേർന്ന് മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു.

എസ്.കെ. സജീഷ് ഡി.വൈ.എഫ്.ഐ. പതാക പുതിപ്പിച്ചു. മെഡിക്കൽ കോളേജിന്‌ മുന്നിലെ അൽ മഖർ ജമാഅത്ത് പള്ളിയിൽ നടന്ന മയ്യത്ത് നിസ്കാരച്ചടങ്ങുകൾക്കുശേഷം കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവന്നു. എം. രാജഗോപാലൻ എം.എൽ.എ., എസ്‌.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുൽ മജീദ് കക്കാട്, ടി.പി. അബ്ദുൽ ഹക്കീം അസ്ഹരി കാന്തപുരം, കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് പി.കെ. ആലിക്കുഞ്ഞി ദാരിമി, എൻ. അബ്ദുൾ ലത്തീഫ് സഹദ് എന്നിവർ ഉൾപ്പെടെ ഒട്ടേറെപ്പേർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി.

പിലാത്തറ, പെരുമ്പ, കരിവെള്ളൂർ, കാലിക്കടവ്, ചെറുവത്തൂർ, പടന്നക്കാട്, ആലാമിപ്പള്ളി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിനുവെച്ചു.

നൂറുകണക്കിന് ആളുകൾ അന്തിമോപചാരമർപ്പിച്ചു. സി.പി.എം., ഡി.വൈ.എഫ്.ഐ. നേതാക്കളും പ്രവർത്തകരും വിലാപയാത്രയെ അനുഗമിച്ചു. വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളും അന്തിമോപചാരമർപ്പിക്കാനെത്തിയരുന്നു. പിറക്കാനിരിക്കുന്ന കുഞ്ഞിനെയാണ് ഔഫ് അബ്ദു റഹിമാന്റെ കൊലപാതകത്തിലൂടെ മുസ്‌ലിം ലീഗ് അനാഥമാക്കിയതെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹീം പറഞ്ഞു.

നാട്ടുകാരുടെ പ്രിയപ്പെട്ടവൻ

മതമോ രാഷ്ട്രീയമോ നോക്കാതെ സഹായിക്കാൻ മുന്നോട്ടുവരുന്ന നാട്ടിലെ ഊർജസ്വലനായ ചെറുപ്പക്കാരൻ.

ഫുട്‌ബോളും ക്രിക്കറ്റും നന്നായി കളിക്കും. താമസിക്കുന്ന പ്രദേശമായ ബല്ലാക്കടപ്പുറത്ത്‌ മാത്രമല്ല, കല്ലൂരാവിയിലെയും ബാവാനഗറിലെയും തുടങ്ങി തീരദേശ ഗ്രാമങ്ങളിലെല്ലായിടത്തും ഓടിനടന്ന് സാമൂഹികപ്രവർത്തനം നടത്തുന്ന യുവാവ്.

കാഞ്ഞങ്ങാട് സൗത്ത് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. പത്താംതരം പഠനം കഴിഞ്ഞ് പെയിന്റിങ് പണിക്കിറങ്ങി. നാലുവർഷം മുൻപുവരെ ഈ തൊഴിലായിരുന്നു. ഈ കാലയളവിലെല്ലാം എസ്.എസ്.എഫ്., എസ്.വൈ.എസ്. സംഘടനകളുടെ സജീവ പ്രവർത്തകൻ. നാലുവർഷം മുൻപ് ഷാർജയിലേക്ക്‌ പോയി.

അവിടെ ജൂവലറിയിൽ സെയിൽസ്‌മാൻ ആയിരുന്നു. അവധിക്ക് നാട്ടിലെത്തിയാൽ ഓരോ വീട്ടിലുമെത്തി സൗഹൃദത്തെ അതേപടി നിലനിർത്തും. പുഞ്ചിരി തൂകുന്ന മുഖമാണ് എപ്പോഴും ഈ ചെറുപ്പക്കാരന്റെതെന്ന് നാട്ടുകാർ പറയുന്നു. എളിമയും വിനയവുമുള്ള ചെറുപ്പക്കാരൻ

മാസങ്ങൾക്ക്‌ മുൻപാണ് ഗൾഫിൽ നിന്നെത്തിയത്. കോവിഡ് കാലത്ത് സഹായവുമായി നാട്ടിലൊട്ടാകെ ഓടിനടന്നു. കുടുംബത്തിലെ കാര്യം പറയുമ്പോൾ അമ്മാവൻ മദ്രസ അധ്യാപകൻ കൂടിയായ ഉമ്മർ സഅദിക്ക് സ്വരം ഇടറാതെ ഒരു കാര്യവും മുഴുമിപ്പിക്കാനാകുന്നില്ല.

ഇദ്ദേഹത്തിനും ഭാര്യയ്ക്കുമൊപ്പമാണ് ഔഫും ഭാര്യ ഷാഹിനയും കഴിയുന്നത്. തൊട്ടടുത്ത വീട്ടിലാണ് ഉമ്മ ആയിഷ താമസിക്കുന്നത്. പിതാവ് കുഞ്ഞബ്ദുള്ള ദാരിമി കർണാടക ബെൽത്തങ്ങടി പള്ളിയിലെ ഖത്തീബാണ്.

ഏക സഹോദരി ജുവരിയ കാസർകോട് നാലാംമൈലിലെ ഭർതൃവീട്ടിലാണ്. ഔഫിന്റെ ഭാര്യ ഗർഭിണിയാണ്. രണ്ടുവർഷം മുൻപാണ് നീലേശ്വരം പള്ളിക്കര സ്വദേശിനിയായ ഷാഹിനയെ വിവാഹം ചെയ്തത്. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് വീട്ടിൽനിന്ന്‌ പുറത്തേക്കുപോയത്.

ബാവാനഗർവരെ പോയിട്ടുവരാമെന്നും അവിടെ ഒരാൾ തന്നോടു കടംവാങ്ങിയ പണം തിരിച്ചുവാങ്ങാനാണ് പോകുന്നതെന്നും വീട്ടുകാരോട് പറഞ്ഞിരുന്നു. രാത്രി പത്തരയോടെയാണ് മരണവിവരം അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!