KSDLIVENEWS

Real news for everyone

നേരിട്ട് നോട്ടീസ് നൽകാതെ വോട്ടറെ തള്ളരുത്- തിരഞ്ഞെടുപ്പ് കമ്മിഷൻനിരീക്ഷകൻ
ഇത്തവണ ബൂത്തുകളുടെ എണ്ണവും വർദ്ധിപ്പിക്കും

SHARE THIS ON

കാസർഗോഡ് • നിയമസഭാ തിരഞ്ഞെടുപ്പിന്റെ കരട് വോട്ടർപട്ടികയിൽ നിന്നൊഴിവാക്കും മുമ്പ് ബൂത്ത് ലെവൽ ഓഫീസർ വോട്ടർമാർക്ക് നേരിട്ട് നോട്ടീസ് നൽകി ഒപ്പിട്ട് വാങ്ങണമെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർപട്ടിക നിരീക്ഷകൻ കെ.ഗോപാലകൃഷ്ണ ഭട്ട് അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ചേർന്ന രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടീസ് നൽകി വോട്ടറെ പങ്കെടുപ്പിച്ച് ഹിയറിങ്‌ നടത്തണം. മരിച്ച വോട്ടറെ പട്ടികയിൽനിന്ന് നീക്കുന്ന കാര്യത്തിൽ മാത്രമേ ഈ മാനദണ്ഡത്തിൽ ഇളവുള്ളൂ.

18 വയസ്സ് തികഞ്ഞവരെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ ചേർക്കാനുള്ള അവസാന തീയതി 31 ആണ്. പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ ഏകദേശ കണക്കുപ്രകാരം 18 വയസ്സ് തികഞ്ഞ മുപ്പതിനായിരത്തിലേറെ പേരെ ചേർക്കാനുണ്ടെന്ന് അദ്ദേഹം അറിയിച്ചു. വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി നിരീക്ഷകൻ കെ.ഗോപാലകൃഷ്ണ ഭട്ട് ഹൊസ്ദുർഗ് താലൂക്ക് ഓഫീസ് സന്ദർശിച്ച് പ്രവർത്തനപുരോഗതി വിലയിരുത്തി.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിങ്‌ യന്ത്രങ്ങൾ 26-ന് കളക്ടറേറ്റ് സംഭരണശാലയിലെത്തുമെന്ന് ഇലക്‌ഷൻ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. അന്ന് രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ഹാജരാവണം. മുമ്പ് യന്ത്രങ്ങൾ 25-ന് എത്തുമെന്നാണ് അറിയിച്ചിരുന്നത്.
കോവിഡ് ചട്ടം പാലിക്കേണ്ടതിനാൽ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിന് കൂടുതൽ ബൂത്തുകളുണ്ടാകുമെന്ന് കളക്ടർ ഡോ. ഡി.സജിത് ബാബു അറിയിച്ചു. ബൂത്തുകളുടെ എണ്ണം 1,570 വരെയായി ഉയർത്തും.

തയ്യാറാക്കിയത്:എം.ഷമീർ, സി.വി.നിതിൻ, എം.കുഞ്ഞിരാമൻ, ടി.രാജൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!