ഔഫിന്റെ കൊലപാതകത്തിൽ ബന്ധമില്ല ; സമഗ്രാന്വേഷണം വേണം-മുസ്ലിംലീഗ്

കാഞ്ഞങ്ങാട്: ഔഫ് അബ്ദുൾറഹിമാന്റെ കൊലപാതകത്തിൽ സമഗ്രമായ അന്വേഷണം നടത്തി യഥാർഥ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് കാഞ്ഞങ്ങാട് മുസ്‍ലിം ലീഗ് നേതൃയോഗം ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് കല്ലൂരാവിയിലെ കൊലപാതകത്തിൽ മുസ്‌ലിം ലീഗിന് ഒരു ബന്ധവുമില്ലെന്ന് ജില്ലാ പ്രസിഡന്റ് ടി.ഇ. അബ്ദുള്ളയും ജനറൽ സെക്രട്ടറി എ. അബ്ദുൾ റഹ്‌മാനും പറഞ്ഞു. കഴിഞ്ഞ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച കല്ലൂരാവി വാർഡിൽ പരാജയപ്പെട്ട സി.പി.എം. അക്രമം അഴിച്ചുവിടുകയായിരുന്നു. ഫലപ്രഖ്യാപന ദിവസമുണ്ടായ നിസ്സാരപ്രശ്‌നം പ്രാദേശികമായി പറഞ്ഞ് പരിഹരിച്ചതായിരുന്നു. അക്കാര്യം വീണ്ടും സാമൂഹികമാധ്യമങ്ങൾ വഴി കുത്തിപ്പൊക്കി നാട്ടിൽ നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകർക്കാർ ഒരു വക്കീൽ നടത്തിയ ഹീനപ്രവർത്തനങ്ങളുടെ പരിണിതഫലമായിട്ടാണ് അക്രമങ്ങൾ അരങ്ങേറിയത്.
കൊലപാതകരാഷ്ട്രീയം മുസ്‌ലിം ലീഗിന്റെ നയമല്ല. കൊലപാതകത്തെ പാർട്ടി അപലപിക്കുന്നു. സംഭവത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തി യഥാർഥ കുറ്റവാളികളെ പിടികൂടാൻ പോലീസ് തയ്യാറാവണം. കലാപത്തിന് പ്രേരണ നൽകിയവർക്കെതിരേ നടപടി സ്വീകരിക്കാനും പോലീസ് തയ്യാറാകണം.

