പ്രധാനമന്ത്രി ഇന്ന് കർഷകരെ അഭിസംബോധന ചെയ്യും; സ്ക്രീനുകളും ലഘുലേഖകളും തയ്യാറാക്കി പ്രവര്‍ത്തകർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഒമ്പതുകോടി കർഷകരെ അഭിസംബോധന ചെയ്യും. പിഎം കിസാൻ നിധിയുടെ രണ്ടാം ഗഡു വിതരണംചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരം ഒരുമാസം പിന്നിടുന്നതിനിടയിലാണ് ഇന്ന് കർഷകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ടുളള കേന്ദ്രത്തിന്റെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കും.
ഒമ്പത് കോടി കർഷകർക്ക് വിതരണം ചെയ്യുന്ന 18,000 കോടിയുടെ കിസാൻ നിധിയുടെ ഉദ്ഘാടനമാണ് ഇന്ന് പ്രധാനമന്ത്രി നിർവഹിക്കുന്നത്. ഓൺലൈൻ വഴിയാണ് പ്രധാനമന്ത്രി കർഷകരെ അഭിസംബോധന ചെയ്യുക. പാർട്ടി എം.പി.മാരും എംഎൽഎമാരും അവരവരുടെ മണ്ഡലങ്ങളിൽ നിന്ന് പരിപാടിയിൽ പങ്കെടുക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി ബി.ജെ.പി.യും കേന്ദ്ര സർക്കാരും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ അഭിസംബോധന കർഷകരിലേക്കെത്തിക്കാനായി വലിയ സ്ക്രീനുകൾ പലയിടത്തും സജ്ജമാക്കിയിട്ടുണ്ട്. ലഘുലേഖകളും വിതരണം ചെയ്യും. അഞ്ചു സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കർഷകരുമായി അദ്ദേഹം ആശയവിനിമയവും നടത്തും. കർഷകർക്കായി കേന്ദ്രസർക്കാർ ചെയ്ത കാർഷിക പദ്ധതികളെല്ലാം പ്രധാനമന്ത്രി അഭിസംബോധനയിൽ പരാമർശിച്ചേക്കും. ഒപ്പം കർഷകരുടെ അഭിപ്രായവും പ്രധാനമന്ത്രി തേടും.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനം കൂടിയാണ് ഇന്ന്. അതുകൊണ്ട് വിപുലമായ പരിപാടിയാണ് കേന്ദ്രസർക്കാർ ഒരുക്കിയിരിക്കുന്നത്.

