കാഞ്ഞങ്ങാട്ടെ കൊലപാതകം; മുഴുവന്‍ പ്രതികളും പിടിയില്‍

കാഞ്ഞങ്ങാട്: കാസർകോട്ടെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹിമാന്റെ കൊലപാതക കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. യൂത്ത് ലീഗ് പ്രവർത്തകരായ ഇർഷാദ്, ഹസൻ, ആഷിർ എന്നിവരാണ് പിടിയിലായത്. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. എംഎസ്എഫ് കാഞ്ഞങ്ങാട് മുൻസിപ്പൽ പ്രസിഡന്റാണ് ഹസ്സൻ. ആഷിറിനേയും ഹസ്സനേയും ഇന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
മുസ്ലീം ലീഗിന്റെ കാഞ്ഞങ്ങാട് മുൻസിപ്പൽ സെക്രട്ടറിയായ ഇർഷാദ് ആണ് കേസിലെ മുഖ്യപ്രതി. കൃത്യം നടത്തിയത് താനാണെന്ന് ഇർഷാദ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
അതേസമയം, കൃത്യത്തിൽ മൂന്ന് പേർ മാത്രമാണ് പങ്കാളികളായതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ കസ്റ്റഡിയിലെടുത്ത ഇസഹാഖിന് കൃത്യത്തിൽ പങ്കില്ലെന്നും പോലീസ് വ്യക്തമാക്കി.
ഇർഷാദ് ആണ് അബ്ദുൾ റഹിമാനെ കുത്തിവീഴ്ത്തിയതെന്ന് ഇസഹാഖും മൊഴി നൽകിയിരുന്നു. കുത്തേറ്റ് ഹൃദയധമനി തകർന്ന് രക്തം വാർന്നാണ് ഔഫ് അബ്ദുൾ റഹിമാൻ മരണപ്പെട്ടത്. നെഞ്ചിൽ വലതുഭാഗത്തായി എട്ട് സെന്റിമീറ്റർ ആഴത്തിലുള്ള കുത്തേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ബുധനാഴ്ച രാത്രി 10.30-ഓടെയാണ് കല്ലൂരാവി മുണ്ടത്തോട് വെച്ച് ഡിവൈഎഫ്ഐപ്രവർത്തകനായ അബ്ദുൾ റഹ്മാന് കുത്തേൽക്കുന്നത്. ബൈക്കിൽ പഴയ കടപ്പുറത്തേക്ക് വരുകയായിരുന്ന അബ്ദുറഹ്മാനെയും ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവർത്തകരായ ഇർഷാദും സംഘവും ആക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ പരിക്കേറ്റ ഷുഹൈബ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും ഇർഷാദ് ഉൾപ്പെടെയുള്ള അക്രമികളെ തിരിച്ചറിഞ്ഞിരുന്നു.
കാഞ്ഞങ്ങാട് നഗരസഭയിലെ 35ാം വാർഡിൽ എൽഡിഎഫ് വിജയം നേടിയതോടെയാണ് കല്ലൂരാവിയിലും മുണ്ടത്തോടും അക്രമസംഭവങ്ങൾ ആരംഭിച്ചത്. വിജയിച്ച എൽഡിഎഫ് സ്ഥാനാർഥിയടക്കമുള്ള സംഘം ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ യൂത്ത് ലീഗുകാർ കല്ലെറിഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലത്തെ സംഭവമെന്നാണ് റിപ്പോർട്ട്.

