തണലേകാൻ പതിനായിരം മരങ്ങൾ ; ദിവാകരനും കുടുംബത്തിനും കലക്ടറുടെ അനുമോദനം

നീലേശ്വരം: പരിസ്ഥിതി പ്രവര്‍ത്തകനും പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞനുമായ നീലേശ്വരം കടിഞ്ഞിമൂലയിലെ കെ.വി. ദിവാകരെന്റ വേറിട്ട പ്രവര്‍ത്തനങ്ങളെ അനുമോദിക്കാന്‍ കലക്ടര്‍ ഡോ.ഡി. സജിത് ബാബു നേരിട്ട് വീട്ടിലെത്തി. മാസ്ക് ധരിച്ച് കലക്ടറെ സ്വീകരിക്കാന്‍ എത്തിയ പേരക്കുട്ടി നാലു വയസ്സുകാരന് അര്‍ണവ് കലക്ടറുടെ പ്രത്യേക പ്രശംസക്ക് പാത്രമായി. ഒരു മണിക്കൂറോളം വീട്ടില്‍ ചെലവഴിച്ച അദ്ദേഹം അപൂര്‍വങ്ങളായ ഔഷധസസ്യങ്ങളുടെ ശേഖരവും കണ്ടല്‍ നഴ്സറിയും സന്ദര്‍ശിച്ചു. ചെത്ത് തൊഴിലാളിയായ ദിവാകരന് പ്രകൃതി സംരക്ഷണത്തിനായി നടത്തുന്ന വിലപ്പെട്ട പ്രവര്‍ത്തനങ്ങളെ കലക്ടര്‍ അഭിനന്ദിച്ചു.ജീവനം പദ്ധതിയുടെ ഭാഗമായുള്ള ഗൃഹവനം നിര്‍മിക്കുന്നതിനും മിയാവാക്കി വനം നിര്‍മിക്കുന്നതിനും പതിനായിരക്കണക്കിന് വൃക്ഷത്തൈകളും ഔഷധസസ്യങ്ങളുമാണ് ദിവാകരനും കുടുംബവും വീട്ടുമുറ്റത്തെ നഴ്സറിയില്‍ വളവും വെള്ളവുമൊഴിച്ച് പരിപാലിക്കുന്നത്. ബേക്കല്‍ ടൂറിസത്തിെന്റ ഭാഗമായി പാതയോരത്ത് ചെയ്യാനുദ്ദേശിക്കുന്ന മിയാവാക്കി വനത്തിനുള്ള തൈകള്‍ കലക്ടര്‍ തിരഞ്ഞെടുത്തു.
വിനോദ സഞ്ചാര വകുപ്പിെന്റ നേതൃത്വത്തില്‍ ബേക്കല്‍ സൗന്ദര്യവത്കരണത്തിെന്റ ഭാഗമായി പാതയോരത്ത് 91 ഇലഞ്ഞി മരത്തൈകളും ടാറ്റ കോവിഡ് ആശുപത്രി പരിസരത്ത് 151 നാട്ടുമാവിന് തൈകളും പുഴയോരങ്ങളില്‍ 600 കണ്ടല്‍ മരങ്ങളും ദിവാകരന് സൗജന്യമായി ബി.ആര്.ഡി.സിക്ക് നല്‍കിയിരുന്നു. കൂടാതെ പ്രകൃതിസംരക്ഷണ രംഗത്ത് ദിവാകരന് നടത്തുന്ന പരിശ്രമങ്ങള്‍ക്ക് അംഗീകാരമായി വിനോദ സഞ്ചാര വകുപ്പിെന്റ സാക്ഷ്യപത്രം നല്‍കിയാണ് കലക്ടര്‍ മടങ്ങിയത്.

